റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും മുൻനിർത്തി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നിർണായക ചർച്ചകൾ നടത്തി. ഞായറാഴ്ച നടന്ന ടെലിഫോൺ സംഭാഷണങ്ങളിലൂടെ ഇറാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചയിൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകി. സമാനമായ രീതിയിൽ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും നടത്തുന്ന സംയുക്ത നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക സംഭവവികാസങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളും കടന്നുവന്നു. തുടർന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി സംസാരിച്ച അദ്ദേഹം, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും നയതന്ത്രപരമായ ഏകോപനം തുടരുന്നതിെൻറ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനുമായി സൗദി അറേബ്യ നടത്തുന്ന വിപുലമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ചർച്ചകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.