കിങ്​ അബ്​ദുല്ല ഫിനാൻഷ്യൽ സിറ്റി

സൗദി സാമ്പത്തികരംഗം തിരികെക്കയറുന്നു; എണ്ണയിതര വരുമാനത്തിൽ അഞ്ച്​ ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു

റിയാദ്: വരും വർഷങ്ങളിൽ സൗദി അറേബ്യയുടെ സാമ്പത്തിക രംഗം വലിയ തിരിച്ചുവരവ് നടത്തുമെന്ന് സാമ്പത്തിക വിശകലന സ്ഥാപനമായ ‘ജദ്‌വ ഇൻവെസ്​റ്റ്​മെൻറ്​’ റിപ്പോർട്ട് ചെയ്യുന്നു. 2027-ഓടെ രാജ്യത്തെ എണ്ണയിതര മേഖലയിലെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനത്തോളം ഉയരുമെന്നാണ് കണക്കാക്കുന്നത്.

മുൻവർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴും വ്യവസായ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഫലവുമാണ് ഈ മുന്നേറ്റം. കൂടാതെ, 2027-ൽ സൗദിയുടെ പ്രതിദിന എണ്ണ ഉൽപ്പാദനം 2026-ലേതിനേക്കാൾ 16 ശതമാനം വർധിച്ച് ശരാശരി 1.03 കോടി ബാരലായി ഉയരും.

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളും 2026-ലെ ഇറാൻ സംഘർഷവും മേഖലക്ക് ഭീഷണിയാണെങ്കിലും ലോജിസ്​റ്റിക്സ് മേഖല ശക്തമാക്കാനും പ്രതിരോധം ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ സ്വന്തമായി നിർമിക്കാനും ഇത് സൗദിയെ സഹായിക്കുന്നുണ്ട്. എണ്ണയിതര നിർമാണ മേഖലയെ തടസ്സങ്ങൾ ബാധിച്ചേക്കാമെങ്കിലും 2027-ഓടെ സാമ്പത്തിക രംഗം വീണ്ടും സജീവമാകും.

ഈ വർഷം എണ്ണ മേഖലയിലെ ജി.ഡി.പിയിൽ ആറ്​ ശതമാനത്തി​െൻറ ഇടിവുണ്ടായേക്കാം. 2026 സെപ്റ്റംബറോടെ എണ്ണ ഉൽപ്പാദനം പ്രതിദിനം ഒരു കോടി ബാരലിലേക്ക് തിരികെ എത്തുമെന്നാണ് കണക്കാക്കുന്നത്. എണ്ണയിതര മേഖലയിലെ വളർച്ച 4.3 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായി കുറഞ്ഞേക്കാം.

2026-ലെ സൗദി സർക്കാരി​െൻറ ബജറ്റ് കമ്മി അഞ്ചിൽ നിന്ന് 5.5​ ശതമാനമായി ഉയർന്നേക്കാമെന്ന് ജദ്‌വ വ്യക്തമാക്കുന്നു. എന്നാൽ ഇത് 2025​-ലേതിനേക്കാൾ കുറവാണ്. കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതത്തിൽ വലിയ മാറ്റമുണ്ടാകില്ല. അന്താരാഷ്​ട്ര വിപണിയിലെ ഉയർന്ന എണ്ണവില മൂലം ബജറ്റിലേക്ക് കൂടുതൽ വരുമാനം ലഭിക്കാനും സാധ്യതയുണ്ട്. അതേസമയം പലിശ നിരക്കുകൾ കുറയാൻ സാധ്യതയില്ല. അമേരിക്കയിൽ മാർച്ച് മാസത്തിൽ 3.3 ശതമാനമായിരുന്ന പണപ്പെരുപ്പം ഏപ്രിലിൽ 3.8 ശതമാനമായി ഉയർന്നു.

തൊഴിൽ വിപണി ശക്തമായി തുടരുന്നതിനാൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് വിപണി നിഗമനം. ഇത് സൗദിയെയും ബാധിക്കും. സൗദി സെൻട്രൽ ബാങ്ക് (സാമ) ഈ വർഷം പലിശ നിരക്കിൽ 0.5​ ശതമാനം കുറവ് വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും, യു.എസ് നയം കാരണം നിരക്കുകൾ മാറ്റമില്ലാതെ തുടരാനാണ് സാധ്യത.

മറ്റൊരു വിവരമനുസരിച്ച്, ഈ വർഷത്തെ രണ്ടാം പാദത്തിൽ (ഏപ്രിൽ - ജൂൺ) ‘ലോക്കൽ കണ്ടെൻറ്​’ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 6,300 കോടി റിയാൽ മൂല്യമുള്ള 8,600 സർക്കാർ ടെൻഡറുകൾ ക്ഷണിക്കപ്പെട്ടു. സൗദി ലോക്കൽ കണ്ടെൻറ്​ ആൻഡ് ഗവൺമെൻറ്​ പ്രൊക്യുർമെൻറ്​ അതോറിറ്റി സാങ്കേതികവിദ്യ കൈമാറ്റത്തിനായി 100 കോടിയിലധികം റിയാലി​െൻറ അഞ്ച്​ കരാറുകളിലും, ഇക്കണോമിക് പാർട്ടിസിപ്പേഷൻ പ്രോഗ്രാമി​െൻറ ഭാഗമായി 35​ കോടി റിയാലി​െൻറ മൂന്ന്​ കരാറുകളിലും ഒപ്പുവെച്ചു.

നിർബന്ധമായും സൗദിയിൽ നിർമ്മിക്കേണ്ട ഉൽപ്പന്നങ്ങളുടെ പട്ടികയിലേക്ക് 79 എണ്ണം കൂടി കൂട്ടിച്ചേർത്തതോടെ ആകെ ഉൽപ്പന്നങ്ങൾ 1,752 ആയി. കഴിഞ്ഞ വർഷം 32,400 കോടി റിയാൽ മൂല്യമുള്ള 82,000-ത്തിലധികം ടെൻഡറുകൾ നൽകിയതിൽ 30,000 കോടി റിയാലി​െൻറ ടെൻഡറുകളിലും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്ന നയം പൂർണമായും നടപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - Saudi Economy Shows Strong Recovery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.