പ്രദർശനത്തിൽ മംഗോളിയൻ പരുന്തിനെ കാണിക്കുന്നു
റിയാദ്: പരുന്തുകളുടെ ലേലത്തിൽ റെക്കോർഡ് വിലയോടെ മൊഗോളിയിൽ നിന്നുള്ള രണ്ട് പരുന്തുകൾക്ക് ഒമ്പത് ലക്ഷം സൗദി റിയാൽ ലഭിച്ചു. റിയാദിന് വടക്ക് മൽഹാമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് എക്സിബിഷൻ 2025' ലാണ് ലേലം നടന്നത്. ലേലത്തിൽ പങ്കെടുത്തവർക്കിടയിൽ നടന്ന ശക്തമായ മത്സരമാണ് ഇത്രയും വില നേടാൻ കാരണം.
ഹുർ ഖർനാസ് (പ്രായപൂർത്തിയായ പരുന്ത്) ആയ ആദ്യ പരുന്തിന്റെ ലേലം രണ്ട് ലക്ഷം റിയാലിൽ തുടങ്ങി നാലര ലക്ഷം റിയാലിന് വിറ്റു. രണ്ടാമത്തെ ഹുർ ഫർഖ് (ചെറുപ്പമായ പരുന്ത്) ഒരു ലക്ഷം റിയാലിൽ ലേലം തുടങ്ങി, അതും നാലര ലക്ഷം റിയാലിനാണ് വിറ്റുപോയത്.
ലേലത്തിനെത്തിച്ച ചേർന്ന ജനക്കൂട്ടം
സൗദി ഫാൽക്കൺസ് എക്സിബിഷന്റെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മംഗോളിയൻ പരുന്തുകൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. മംഗോളിയൻ പരുന്തുകളുടെ ഉയർന്ന നിലവാരം സൗദി അറേബ്യയിലെയും മേഖലയിലെയും പരുന്ത് വളർത്തൽ താൽപ്പര്യക്കാർക്കിടയിൽ അവയ്ക്ക് ഉയർന്ന പദവി നൽകുന്നു. കിഴക്കൻ ഏഷ്യയിൽ നിന്നുള്ള മികച്ച ഇനം പരുന്തുകളെയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. മംഗോളിയൻ ഹുർ ഫാൽക്കണുകൾക്ക് വേട്ടയാടൽ വിനോദത്തിൽ പ്രത്യേക മേന്മയുണ്ട്. വലിപ്പം, ചിറകുകളുടെ നീളം, ഉയർന്ന പ്രതിരോധശേഷി എന്നിവ ഇവയുടെ പ്രധാന സവിശേഷതകളാണ്.
ഇളം വെള്ള മുതൽ കടും തവിട്ട് വരെയുള്ള വർണ്ണ വ്യതിയാനങ്ങൾ ഇവയെ കൂടുതൽ ആകർഷകമാക്കുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും പരിശീലനത്തോട് വേഗത്തിൽ പ്രതികരിക്കാനുമുള്ള കഴിവ് കാരണം പ്രൊഫഷനൽ വേട്ടക്കാർക്കും അമച്വർമാർക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ പരുന്തുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.