സൗദി മന്ത്രിസഭായോഗത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും അധികാരമേറ്റ ഡോണാൾഡ് ട്രംപിനെ സൗദി മന്ത്രിസഭ അഭിനന്ദിച്ചു. ചൊവ്വാഴ്ച അൽഉലയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള വേറിട്ട ബന്ധത്തെ കുറിച്ച് വിലയിരുത്തുകയും ചെയ്തു. ഗസ്സയിലെ വെടിനിർത്തൽ കരാർ ഇസ്രായേലിന്റെ ക്രൂര ചെയ്തികൾ അവസാനിപ്പിക്കുന്നതിനും അടിസ്ഥാനപ്രശ്നത്തിന് പരിഹാരം കാണുന്നതിനും ഫലസ്തീൻ ജനതയെ അവരുടെ അവകാശങ്ങൾ നേടാൻ ശാക്തീകരിക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായും ആവശ്യമെന്നും മന്ത്രിസഭ പറഞ്ഞു. സമീപ ദിവങ്ങളിൽ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചതിന്റെ അനന്തരഫലങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. ജിദ്ദയിലെ സൂപ്പർ ഡോമിൽ നടന്ന ഹജ്ജ്, ഉംറ ഉച്ചകോടിയിലും പ്രദർശനത്തിലും ഉൾപ്പെടുത്തിയ ദർശനങ്ങളെയും സംരംഭങ്ങളെയും പദ്ധതികളെയും യോഗം പ്രശംസിച്ചു.
അൽഉലയിൽ ബുധനാഴ്ച നടന്ന സൗദി മന്ത്രിസഭാ യോഗത്തിന് ശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രിസഭ അംഗങ്ങളും ഗ്രൂപ് ഫോട്ടോ എടുത്തപ്പോൾ. (സൗദി ഫോട്ടോഗ്രാഫർ ബന്ദർ അൽ ജലൂദ് ആണ് ഫോട്ടോ പുറത്തുവിട്ടത്)
ഇരു ഹറമുകൾ സന്ദർശിക്കുന്നവരെ പരിപാലിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ വിവിധ വശങ്ങളും ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതൽ മുസ്ലിംകളെ ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ ശ്രദ്ധയും താൽപര്യവും ഇത് ഉൾക്കൊള്ളുന്നു. 2024ൽ വിദേശങ്ങളിൽനിന്ന് 1.8 കോടിയിലധികം തീർഥാടകരെ സ്വാഗതം ചെയ്യുന്നതിലും അവർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർന്നതലത്തിലേക്ക് ഉയർത്തുന്നത് തുടരുന്നതിലും ഇത് വ്യക്തമാണെന്നും മന്ത്രിസഭ വിലയിരുത്തി.
വിശാലമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ റിയാദ് ആതിഥേയത്വം വഹിച്ച ഇൻറർനാഷനൽ മൈനിങ് സമ്മേളത്തിന്റെ നാലാം പതിപ്പിൽ മൊത്തം 107 ശതകോടി റിയാൽ മൂല്യമുള്ള 126 കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചതും രാജ്യത്തും ലോകത്തും ഈ മേഖലയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഗുണപരമായ പദ്ധതികൾക്ക് തുടക്കമിട്ടതും മന്ത്രിസഭ പരാമർശിച്ചു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവ വികാസങ്ങളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.