യാംബു: സൗദിയിൽ പ്രീ-വിന്റർ സീസൺ ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മഴയും മൂടൽ മഞ്ഞും ചിലയിടങ്ങളിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ചില ഉയർന്ന പ്രദേശങ്ങളിലും പർവത മേഖലകളിലും കഴിഞ്ഞ ദിവസം മുതൽ തന്നെ മേഘാവൃതമായ അന്തരീക്ഷം പ്രകടമായിട്ടുണ്ട്.
വരും ദിവസങ്ങളിൽ പല പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴക്കുള്ള സാധ്യതയെയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശരത്കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്ക് കടക്കുന്ന കാലാവസ്ഥ മാറ്റത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഇതിനകം സൗദിയിൽ പലയിടത്തും പ്രകടമായതാണ് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ ചൂടിൽ നിന്ന് താപനില കുറയുന്ന മാറ്റത്തിലേക്ക് രാജ്യം കടന്നുകഴിഞ്ഞു. രാജ്യത്ത് കടുത്ത വേനൽ ഇതിനകം വിട പറഞ്ഞിട്ടുണ്ട്. മിക്ക ഭാഗങ്ങളിലും മിതമായ കാലാവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ പകൽ ചൂടുള്ള താപനിലയാണെങ്കിൽ രാത്രിയിൽ മിതമായ കാലാവസ്ഥയാണ് പ്രകടമാകുന്നത്.
ജീസാൻ, അസീർ, അൽബഹ, മക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ ആഴ്ച അവസാനം വരെ മഴയും മൂടൽ മഞ്ഞും പ്രതീക്ഷിക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കേന്ദ്രം പ്രവചിച്ചു. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ മാറ്റം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും കേന്ദ്രം സൂചിപ്പിച്ചു. രാജ്യത്തെ പൗരന്മാരും താമസക്കാരും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻെറ വെബ് സൈറ്റിലും ഔദ്യോഗിക സർക്കാർ പ്ലാറ്റ്ഫോമുകളിലും അപ്ഡേറ്റ് ചെയ്യുന്ന കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കണമെന്നും കേന്ദ്രം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.