തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഇതിV ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുലാത്തി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരുമായി വെവ്വേറെ ടെലിഫോൺ സംഭാഷണങ്ങൾ നടത്തി.
മേഖലയിലെ നിലവിലെ അസ്ഥിരതയും വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ വിശദമായി അവലോകനം ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന നയതന്ത്ര നീക്കങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ യോഗത്തിൽ ധാരണയായി.
തുർക്കി വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ പ്രാദേശിക സുരക്ഷയ്ക്കൊപ്പം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന്‍റെ സുരക്ഷക്കുമാണ് മുൻഗണന നൽകിയത്. ചെങ്കടലിലൂടെയും അറേബ്യൻ ഗൾഫിലൂടെയുമുള്ള തടസ്സമില്ലാത്ത ജലപാത ഗതാഗതം ലോക സമ്പദ്‌വ്യവസ്ഥക്കും പ്രാദേശിക സുരക്ഷക്കും അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ പിരിമുറുക്കം അയവുവരുത്തുന്നതിനുള്ള നയതന്ത്ര പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം, സൗദിയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ ഭാവി സാധ്യതകളും ചർച്ചയിൽ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.