എസ്കെപിഎഫ് ‘വസൽ 2026’ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു

ജിദ്ദ: സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (എസ്.കെ.പി.എഫ്) ‘വസൽ 2026’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ലോക ഫാർമസിസ്റ്റ് ദിനാചരണവും വാർഷികാഘോഷവും ജിദ്ദ കറം അൽ ബലദ് ഹോട്ടലിൽ വെച്ച് പ്രവാസികൾക്ക് നവ്യാനുഭൂതി പകർന്നു. ഫോറം പ്രസിഡൻറ് ഡോ. സുഹാജ് അബ്ദുൽ സലീമിെൻറ അധ്യക്ഷതയിൽ ജെ.എൻ.എച്ച്. ആൻഡ് റയാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹമ്മദ് ആലുങ്ങൽ, ഡോ. അബ്ദുറഹ്മാൻ, അബ്ദുല്ല മുഹമ്മദ് അൻഗം എന്നിവർ മുഖ്യാതിഥികളായിരുന്നു.

വിദ്യാർഥി ശാക്തീകരണം, പൊതുജനാരോഗ്യ ബോധവത്കരണം, പ്രഫഷനൽ മികവിനുള്ള അംഗീകാരം എന്നിവയ്ക്ക് സംഘടനയുടെ തുടർപ്രവർത്തനങ്ങളിൽ മുൻഗണന നൽകുമെന്ന് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. ഡോ. സബ്ന കോട്ട ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിന സന്ദേശം നൽകി.ആരോഗ്യബോധവത്കരണ സദസ്സിൽ ‘പ്രവാസത്തിനിടെ നിങ്ങൾ ആരോഗ്യത്തെ മറന്നുപോയോ?’ എന്ന വിഷയത്തിൽ ഡോ. ഡാനിഷ് സലീം ക്ലാസെടുക്കുകയും പ്രവാസികളുടെ ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചും വ്യായാമക്രമങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു. ഡോ. റൈസ ഷുക്കൂർ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള പ്രായോഗിക മാർഗങ്ങൾ അവതരിപ്പിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. പൊതുജനാരോഗ്യ ബോധവത്കരണ രംഗത്തെ സംഭാവനകൾ മുൻനിർത്തി ഡോ. ഡാനിഷ് സലീമിന് വിശിഷ്ട ചികിത്സക പുരസ്കാരം സമ്മാനിച്ചു. ഫാർമസി മേഖലയിലെ കേരള ബെസ്റ്റ് ഫാർമസിസ്റ്റ് പുരസ്കാരത്തിന് മുഹ്തസിം ബില്ലാഹ് അർഹനായി. ഹനീഫ പറക്കലിൽ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.

കേരളത്തിലെ ഫാർമസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഓൺലൈൻ ഫാർമസി ക്വിസ് മത്സര വിജയികളെ ഡോ. അബൂബക്കർ സിദ്ദീഖ് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ എസ്. ഷബാന ഒന്നാം സ്ഥാനവും, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പി. രുദ്ര രണ്ടാം സ്ഥാനവും, പെരിന്തൽമണ്ണ അൽ ഷിഫ കോളജിലെ പി. അഫ്റ മൂന്നാം സ്ഥാനവും, ഇതേ കോളജിലെ ഷമ്മ നാലാം സ്ഥാനവും, മൂവാറ്റുപുഴ മൂകാംബിക കോളജിലെ ഫിദ ഫാത്തിമ ബഷീർ അഞ്ചാം സ്ഥാനവും നേടി.

സംഘടനാംഗങ്ങളായ യഹ്യ കാട്ടുകണ്ടത്തിൽ, യൂനുസ് മണ്ണിശ്ശേരി, നസീഫ് ഉമർ എന്നിവർക്ക് പ്രത്യേക അംഗീകാരങ്ങളും, ഏകോപന മികവിന് നുഫൈൽ, റിഫാദ് എന്നിവർക്ക് ആദരവും നൽകി. എസ്.കെ.പി.എഫിെൻറ മാഗസിൻ പ്രകാശനം റജിയ വീരാൻ നിർവഹിക്കുകയും എഡിറ്റർ സൽമാൻ വെങ്ങളം മാഗസിൻ പരിചയപ്പെടുത്തുകയും യൂനുസ് മണ്ണിശ്ശേരി പ്രഭാഷണം നടത്തുകയും ചെയ്തു. കെ.എം.സി.സി, ഒ.ഐ.സി.സി, സിജി, നവോദയ, മീഡിയ ഫോറം, ജിദ്ദ പൗരാവലി, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.

മുഹമ്മദ് ഫായിസിെൻറ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങ് ഷംന റിയാസ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ആബിദ് പറക്കൽ സ്വാഗതവും നുഫൈൽ നന്ദിയും പറഞ്ഞു. നസീഫ് ഉമർ, നുഫൈൽ, അത്തീഖ് ശാന്തപുരം, യാസിർ കെ. പാരി, സി.പി. റിയാസ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ ഏകോപിപ്പിച്ചു. ചടങ്ങിന് മാറ്റുകൂട്ടി ഗസൽ സന്ധ്യയോടെ പരിപാടികൾ അവസാനിച്ചു.

Tags:    
News Summary - World Pharmacist Day Celebrated in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.