സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണം: യു.എൻ രക്ഷാസമിതിയുടെ വിമർശനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യക്കും കടൽ വഴിയുള്ള ചരക്ക് കപ്പലുകൾക്കും നേരെ ഹൂതി ഭീകരർ നടത്തുന്ന റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങളെ ഐക്യരാഷ്​ട്രസഭയുടെ രക്ഷാസമിതി ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസം പുറത്തുവിട്ട യു.എൻ രക്ഷാസമിതിയുടെ ഈ പ്രസ്താവനയെ സൗദി വിദേശകാര്യ മന്ത്രാലയം പൂർണമായി സ്വാഗതം ചെയ്തു. ജൂലൈ 13 മുതൽ സൗദി അറേബ്യയെ ലക്ഷ്യമിട്ടും, ജൂലൈ 22 മുതൽ സമുദ്രത്തിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെയും ഹൂതികൾ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്.

ഇതിനെതിരെയാണ് യു.എൻ രക്ഷാസമിതി ശക്തമായ ഭാഷയിൽ രംഗത്തുവന്നത്. അന്താരാഷ്​ട്ര നിയമങ്ങളും, യമൻ വിഷയത്തിലുള്ള യു.എൻ പ്രമേയങ്ങളും, പ്രത്യേകിച്ച് പ്രമേയം 2216-ഉം എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതുണ്ടെന്ന് രക്ഷാസമിതി ഓർമ്മിപ്പിച്ചു. യമ​െൻറ സ്വാതന്ത്ര്യവും ഭൂപ്രദേശങ്ങളും സംരക്ഷിക്കപ്പെടണമെന്നും, അന്താരാഷ്​ട്ര സമുദ്ര അതിർത്തിയിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും മേഖലയുടെ സുരക്ഷക്കും ഭീഷണിയാകുന്ന ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നുമുള്ള യു.എൻ നിലപാടിനെ സൗദി അറേബ്യ അഭിനന്ദിച്ചു.

മേഖലയിലെ സമാധാനവും അന്താരാഷ്​ട്ര വ്യാപാരവും തകർക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ശക്തമായി ഇടപെടണമെന്നും യു.എൻ തീരുമാനങ്ങൾ നടപ്പിലാക്കാൻ മുന്നോട്ടുവരണമെന്നും സൗദി ആവശ്യപ്പെട്ടു. രാജ്യത്തി​െൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൗദി എന്നും പ്രതിജ്ഞാബദ്ധമാണ്.

പൗരന്മാരെയും രാജ്യത്തെ വിവിധ സ്ഥാപനങ്ങളെയും ഏതൊരു ആക്രമണത്തിൽ നിന്നും സംരക്ഷിക്കാൻ അന്താരാഷ്​ട്ര നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കും. അതോടൊപ്പം, യമനിലെ ഔദ്യോഗിക ഭരണകൂടത്തിനും, അവിടെ സമാധാനം കൊണ്ടുവരാനായി പരിശ്രമിക്കുന്ന യു.എൻ പ്രത്യേക ദൂതനും സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - ഹൂതികളുടെ ആക്രമണത്തെ അപലപിച്ച യു.എൻ രക്ഷാസമിതിയെ സൗദി അറേബ്യ സ്വാഗതം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.