ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി ‘ലോക റാലി ചാമ്പ്യൻഷിപ്പി’ന്റെ (വേൾഡ് റാലി ചാമ്പ്യൻഷിപ്) അവസാന റൗണ്ടിന് ബുധനാഴ്ച ജിദ്ദയിൽ തുടക്കമാകും. ‘സൗദി അറേബ്യ റാലി 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോർ സ്പോർട്സ് മാമാങ്കം നവംബർ 29 വരെ നീളും. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ, സൗദി അറേബ്യൻ ഫെഡറേഷൻ ഫോർ ഓട്ടോമൊബൈൽസ് ആൻഡ് മോട്ടോർസൈക്കിൾസും സൗദി മോട്ടോർ സ്പോർട്സ് കമ്പനിയും ചേർന്നാണ് റാലി സംഘടിപ്പിക്കുന്നത്.
ജിദ്ദയുടെ വടക്കുഭാഗത്തുള്ള ഖുലൈസ്, അസ്ഫാൻ, ദഹ്ബാൻ, ഉമ്മുൽ ജുറം, അൽഗുല, വാദി അൽമത്വി തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെയാണ് റാലി കടന്നുപോകുന്നത്. സൗദി ഭൂപ്രകൃതിയുടെ വൈവിധ്യവും സാങ്കേതിക വെല്ലുവിളികളും പ്രതിഫലിക്കുന്ന ഈ പാത മത്സരാർഥികൾക്ക് അതുല്യമായ അനുഭവമാകും സമ്മാനിക്കുക. നാല് ദിവസങ്ങളിലായി 17 സ്റ്റേജുകളാണ് റാലിയുടെ അവസാന റൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 25 രാജ്യങ്ങളിൽനിന്നുള്ള 82 ഡ്രൈവർമാരും നാവിഗേറ്റർമാരും മൂന്ന് വിഭാഗങ്ങളിലായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. റൂട്ടിന്റെ ആകെ നീളം 1218 കിലോമീറ്ററാണ്. ഇതിൽ 319 കിലോമീറ്റർ സമയബന്ധിത മത്സര പാതയാണ്.
മുൻ റൗണ്ട് ജപ്പാനിൽ നടന്ന ശേഷമാണ് സീസൺ ജിദ്ദയിൽ സമാപിക്കുന്നത്. ജപ്പാനിലെ മത്സരത്തിൽ ടൊയോട്ട ഗസൂ റേസിങ് ടീം ഡ്രൈവർമാരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി ആധിപത്യം സ്ഥാപിച്ചിരുന്നു. ബ്രിട്ടന്റെ എൽഫിൻ ഇവാൻസ് (272 പോയന്റ്) ആണ് നിലവിൽ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നാലെ ഫ്രാൻസിന്റെ സെബാസ്റ്റ്യൻ ഓജിയർ (269 പോയന്റ്), ഫിൻലൻഡിന്റെ കല്ലേ റോവൻപേര (248 പോയന്റ്) എന്നിവരുണ്ട്. ജിദ്ദയിലെ അവസാന റൗണ്ടിലെ പ്രകടനം ലോക ചാമ്പ്യൻഷിപ് വിജയിയെ തീരുമാനിക്കുന്നതിൽ നിർണായകമാകും.
രാജ്യത്തിന്റെ കായിക മേഖലയിൽ ദൃശ്യമാകുന്ന ഗുണപരമായ നേട്ടങ്ങൾക്കുപിന്നിലെ പ്രധാന ശക്തി ഭരണ നേതൃത്വത്തിന്റെ പിന്തുണയാണെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ പറഞ്ഞു. ഈ ആഗോള ഇവന്റ് സൗദിയിൽ അരങ്ങേറുന്നത് അന്താരാഷ്ട്ര കായിക ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്ന വിജയങ്ങളുടെ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാലിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സൗദി അറേബ്യൻ ഫെഡറേഷൻ ഫോർ ഓട്ടോ മൊബൈൽസ് ആൻഡ് മോട്ടോർ സൈക്കിൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ അറിയിച്ചു. സൗദി മോട്ടോർ സ്പോർട്സ് മേഖല അടിസ്ഥാന സൗകര്യങ്ങളിലും സംഘാടനത്തിലും കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സൗദി ഡ്രൈവർമാരായ ഹംസ ബഖഷാബ്, സയീദ് അൽ മൗരി എന്നിവരുടെ പങ്കാളിത്തം അവർക്ക് കൂടുതൽ അനുഭവസമ്പത്തും മത്സരശേഷിയും വർധിപ്പിക്കാൻ സഹായിക്കുമെന്നും രാജ്യത്തെ കായിക പ്രതിഭകളുടെ വളർച്ചക്ക് ഇത് ഊർജം പകരുമെന്നും അമീർ ഖാലിദ് അഭിപ്രായപ്പെട്ടു. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ലോകോത്തര കായിക ഇനങ്ങൾ ആതിഥേയത്വം വഹിക്കുന്നതിൽ സൗദിയുടെ വളരുന്ന പങ്ക് ഈ റാലി സ്ഥിരീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.