ജിദ്ദ ഉപ്പുപാടത്തിലെ തൊഴിലാളിക്കിടയിൽ മലബാർ അടുക്കള പ്രവർത്തകർ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നു.

കാരുണ്യത്തിന്‍റെ രുചി പകർന്ന് ജിദ്ദ മലബാർ അടുക്കള; 'ഒരു നേരത്തെ ആഹാരം' പദ്ധതിക്ക് ഉജ്ജ്വല തുടക്കം

ജിദ്ദ: വിശപ്പെന്ന മനുഷ്യവേദനയെ അതിർവരമ്പുകളില്ലാതെ നേരിടുക എന്ന ലക്ഷ്യത്തോടെ 'മലബാർ അടുക്കള' നടപ്പിലാക്കുന്ന ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് ഈ വർഷവും ഉജ്ജ്വല തുടക്കം. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും സഹജീവികളോടുള്ള കരുതൽ മുൻനിർത്തി ജിദ്ദയിൽ നിന്നാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വനിത അംഗങ്ങളുടെ സജീവ നേതൃത്വത്തിൽ ജിദ്ദയിലെ ഉപ്പുപാടം, ബലദിയ ക്യാമ്പ് എന്നിവിടങ്ങളിലായി നടന്ന വിതരണത്തിൽ 700ൽ അധികം പേർക്ക് ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകി.

ജിദ്ദ കോഓർഡിനേറ്ററും പദ്ധതിയുടെ മോഡറേറ്ററുമായ കുബ്ര ലത്തീഫ് നേതൃത്വം നൽകിയ പരിപാടിയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ നജ്മുദീൻ, ആശിക റംനാസ്, സാഹിറ സവാദ്, ശബ്നം ബാബു, ഹസീന അഫ്സൽ, സുനീറ, സുറുമി, മുംതാസ്, ഫൈസ ഗഫൂർ, ലത്തീഫ്, ഷാഹിദ ജലീൽ ബാദുഷ എന്നിവരും ഒപ്പം ജ്യോതി, അമീന എന്നിവരും പങ്കെടുത്തു.

ജിദ്ദയിൽ ആരംഭിച്ച ഈ മനുഷ്യസ്നേഹ പ്രവർത്തനം പിന്നീട് കേരളമാകെ വ്യാപിച്ചു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ മലബാർ അടുക്കളയുടെ വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടന്നു. പാവപ്പെട്ടവർക്കും അശരണർക്കും കുറഞ്ഞത് ഒരു നേരത്തെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്തത്.

മലബാർ അടുക്കളയുടെ വിവിധ ചാപ്റ്ററുകൾ പദ്ധതി ഏറ്റെടുത്തു. സർക്കാർ ആശുപത്രികൾ, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, തെരുവോരങ്ങളിൽ കഴിയുന്നവർ എന്നിവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കി. പട്ടിണിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായുമാണ് ‘ഒരു നേരത്തെ ആഹാരം’ പദ്ധതി നടപ്പാക്കുന്നതെന്ന് മലബാർ അടുക്കള ചെയർമാൻ മുഹമ്മദ് അലി ചക്കൊത്ത് പറഞ്ഞു.

മുൻവർഷങ്ങളിലെ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പാക്കുന്നതെന്നും, വരും കാലങ്ങളിലും ഇത് ശക്തമായി തുടരാനാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. വിശപ്പില്ലാത്ത ലോകമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഈ സേവനപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരാനാണ് മലബാർ അടുക്കള ലക്ഷ്യമിടുന്നത്.

Tags:    
News Summary - jeddah malabar adukkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.