റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള സംയുക്ത ഫീൽഡ് പരിശോധനകൾ സുരക്ഷാ വിഭാഗം കൂടുതൽ ഊർജിതമാക്കി. ജൂൺ നാല് മുതൽ ജൂൺ 10 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 10,700 നിയമലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായവരിൽ 5,900 പേർ ഇഖാമ നിയമലംഘനത്തിനും, 3,084 പേർ അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ചതിനും, 1,742 പേർ തൊഴിൽ നിയമലംഘനത്തിനുമാണ് അറസ്റ്റിലായത്. ഇതിനുപുറമേ, അതിർത്തി വഴി നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,418 പേരെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചവരിൽ 55 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമനികളുമാണ്. ഇതേ കാലയളവിൽ തന്നെ സൗദിയിൽ നിന്ന് നിയമവിരുദ്ധമായി അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 34 പേരും പിടിയിലായിട്ടുണ്ട്.
നിലവിൽ 1,500 വനിതകൾ ഉൾപ്പെടെ ഏകദേശം 22,000 വിദേശി നിയമലംഘകരാണ് രാജ്യത്ത് വിവിധ നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്.
ഇവർക്കെതിരെയുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ മന്ത്രാലയം കർശന നിർദേശം നൽകി. ഇതിന്റെ ഭാഗമായി ആവശ്യമായ യാത്രാരേഖകൾ ശരിയാക്കുന്നതിനായി 14,200 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യുകയും യാത്രാ ടിക്കറ്റ് ബുക്കിങ് നടപടികൾക്കായി 1,240 പേരെ കൈമാറുകയും ചെയ്തു. ചട്ടങ്ങൾ ലംഘിച്ച 8,000 പേരെ ഇതിനകം തന്നെ രാജ്യത്തുനിന്നും നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.