റിയാദ്: ചൊവ്വാഴ്‌ച ഉച്ചയോടെ ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിക്കുകയും രാജ്യത്തിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
ആക്രമണം ക്രിമിനൽ പ്രവൃത്തിയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവുമാണ്. തങ്ങളുടെ സഹോദരങ്ങളെ സംരക്ഷിക്കുന്നതിനും രാജ്യസുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഖത്തർ സ്വീകരിക്കുന്ന നടപടികളെ പിന്തുണക്കുന്നതിന് സൗദി അറേബ്യ അതിന്റെ എല്ലാ കഴിവുകളും വിന്യസിക്കുന്നുണ്ടെന്നും കിരീടാവകാശി ഖത്തർ അമീറിനെ അറിയിച്ചു.
റിയാദ്: സഹോദര രാഷ്ട്രമായ ഖത്തറിന്റെ പരമാധികാരത്തിനു നേരെ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണത്തെയും നഗ്നമായ നിയമലംഘനത്തെയും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു.ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും മന്ത്രാലയം പ്രഖ്യാപിച്ചു.
ഖത്തർ സ്വീകരിക്കുന്ന ഏത് നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് മന്ത്രലായം പറഞ്ഞു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും നഗ്നമായ ലംഘനത്തിന്റെയും ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
ഈ ഹീനമായ ആക്രമണത്തെ അപലപിക്കാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇസ്രായേലി ലംഘനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.