സൗദിയിൽ അഴിമതിവിരുദ്ധ വേട്ട, ഒരു മാസത്തിനിടെ 127 ഉദ്യോഗസ്ഥർ അറസ്​റ്റിൽ

യാംബു: രാജ്യത്ത് അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി സൗദി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ജനുവരിയിൽ നടത്തിയ വിപുലമായ പരിശോധനകളിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 127 ഉദ്യോഗസ്ഥരെ അറസ്​റ്റ്​ ചെയ്തതായി അതോറിറ്റി അറിയിച്ചു. രാജ്യവ്യാപകമായി ആകെ 1,543 റെയ്ഡുകൾ നടത്തി. അറസ്​റ്റിലായവർക്ക് പുറമെ 383 പേർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പിടിയിലായത്.

അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി. പ്രധാനമായും കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകളുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്​റ്റിലായവരെ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ‘നസഹ’ പൂർത്തിയാക്കി. പ്രതികളിൽ ചിലർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഭ്യന്തര, ധനകാര്യ, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയങ്ങളുമായി സഹകരിച്ച് അതീവ പ്രാധാന്യമുള്ള കേസുകളിൽ പ്രത്യേക അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

‘അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത കർശന നിലപാടാണ് രാജ്യം സ്വീകരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.’ -നസഹ വക്താവ് അഭിപ്രായപ്പെട്ടു. ക്രിമിനൽ, സിവിൽ സ്വഭാവമുള്ള നിരവധി കേസുകളിൽ നിയമനടപടികൾ അവസാന ഘട്ടത്തിലാണെന്നും അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Anti-corruption crackdown in Saudi Arabia, 127 officials arrested in one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.