റിയാദ്: റിയാദ് മാരത്തണിൽ ഒരു മലയാളി വെറ്ററൻ കായിക താരത്തിന് നേട്ടം. എഴുത്തുകാരൻ, സഞ്ചാരി എന്നീ നിലകളിൽ കൂടി പ്രശസ്തനായ എടപ്പാൾ തുയ്യം എളങ്ങള്ളൂർ മന സ്വദേശി ഇ.എം. ആദിത്യൻ പ്രായാധിക്യത്തിന്റെ പ്രതിസന്ധികളെ അതിജീവിച്ച് 75ാം വയസ്സിൽ അന്താരാഷ്ട്ര മാരത്തൺ വേദികളിലേക്ക് ചുവടുവെച്ചു. റിയാദിലെ അമീറ നൂറ ബിൻ അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസിൽ നടന്ന 21 കിലോമീറ്റർ ഹാഫ് മാരത്തോണിലാണ് അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചത്.
ആകാംക്ഷാഭരിതമായ മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളോടൊപ്പമാണ് ആദിത്യൻ ട്രാക്കിലിറങ്ങിയത്. 5811 പേരാണ് ഈ വിഭാഗത്തിൽ പങ്കെടുത്തത്. ഇതിൽ 2613-ാം സ്ഥാനത്തെത്തി. പങ്കെടുത്തവരിൽ 55.03 ശതമാനം പേരെയും പിന്നിലാക്കിക്കൊണ്ടാണ് ആദിത്യൻ ഫിനിഷ് ചെയ്തത്.
സാധാരണ അന്താരാഷ്ട്ര മാരത്തണുകളിൽ പ്രായത്തിനനുസരിച്ച് പ്രത്യേക വിഭാഗങ്ങൾ തിരിച്ചാണ് മത്സരം നടത്തുന്നതെങ്കിലും, റിയാദിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഒരൊറ്റ വിഭാഗമായാണ് പരിഗണിച്ചത്. യുവാക്കളോട് മത്സരിച്ചാണ് അദ്ദേഹം ഈ മികച്ച നേട്ടം കൈവരിച്ചത്. മെഡൽ പ്രതീക്ഷിച്ചിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പ്രായപരിധി വ്യത്യാസമില്ലാത്ത വിഭാഗത്തിൽ മത്സരിക്കേണ്ടി വന്നതിനാൽ ചെറിയ നിരാശയുണ്ടെങ്കിലും, ആദിത്യന്റെ പ്രകടനം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.
ഈ പ്രായത്തിലും തളരാത്ത വീര്യത്തോടെ അന്താരാഷ്ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.എം. ആദിത്യൻ കായിക ലോകത്തിന് വലിയൊരു മാതൃകയാണ്. ഇ.എം. ആദിത്യെൻറ മകളും മരുമകനും റിയാദിലുണ്ട്. മാരത്തണിൽ പങ്കെടുക്കാനുള്ള ആഗ്രഹവുമായി ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം റിയാദിലെത്തിയത്. മരുമകൻ ശ്രീജിത്ത് റിയാദിൽ ഐ.ടി എൻജിനീയറാണ്. മകൾ അനുപമ റിയാദിൽ ഒരു എച്ച്.ആർ സർവിസ് കമ്പനിയിൽ കൺസൾട്ടൻറും ട്രെയിനറുമായി ജോലി ചെയ്യുന്നു. ആര്യനാണ് പേരക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.