ജിദ്ദ: വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി സൗദി അറേബ്യ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്തേകി, 2025-ൽ റെക്കോഡ് നേട്ടവുമായി ഹജ്ജ്-ഉംറ തീർഥാടന മേഖല. കഴിഞ്ഞ വർഷം വിദേശത്തുനിന്ന് 1.95 കോടി തീർഥാടകരെയാണ് രാജ്യം സ്വീകരിച്ചതെന്ന് നാഷനൽ സെന്റർ ഫോർ മെഷറിംഗ് പെർഫോമൻസ് ഓഫ് പബ്ലിക് ഏജൻസീസ് വെളിപ്പെടുത്തി. സേവന നിലവാരത്തിൽ തീർഥാടകർക്കിടയിൽ 90 ശതമാനത്തിലധികം സംതൃപ്തി രേഖപ്പെടുത്തിയത് സൗദിയുടെ സംഘാടന മികവിനും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിച്ച വലിയ അംഗീകാരമായി മാറി. ഹജ്ജ് തീർഥാടകർക്കിടയിൽ 91 ശതമാനവും ഉംറ നിർവഹിക്കാനെത്തിയവർക്കിടയിൽ 94 ശതമാനവും സംതൃപ്തി രേഖപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അറുപതോളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ വൻവിജയത്തിന് പിന്നിലെന്ന് ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ റിപ്പോർട്ട് ചെയ്യുന്നു. ആസൂത്രണം, നിർവഹണം, വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണം എന്നിവയിലുണ്ടായ പുരോഗതി തീർഥാടകരുടെ യാത്ര സുഗമമാക്കാൻ സഹായിച്ചു. കേവലം ഔദ്യോഗിക സംവിധാനങ്ങൾ മാത്രമല്ല, വലിയ തോതിലുള്ള ജനകീയ പങ്കാളിത്തവും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. മാർഗനിർദ്ദേശം നൽകുന്നതിനും ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനുമായി സ്ത്രീകളും പുരുഷന്മാരുമായി 1.84 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങിയത് സൗദി സമൂഹത്തിന്റെ സേവന മനസ്സിനെ ഉയർത്തിക്കാട്ടുന്നു.
ആത്മീയ യാത്രയെ കൂടുതൽ അർഥവത്താക്കുന്നതിനായി മക്കയിലും മദീനയിലുമായി പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്മാരകങ്ങളും സൈറ്റുകളും വികസിപ്പിച്ചെടുത്തു. ഇത് തീർഥാടകർക്ക് കൂടുതൽ അറിവും സാംസ്കാരികമായ അനുഭവങ്ങളും പകർന്നുനൽകാൻ സഹായിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കൊപ്പം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചേർന്നുള്ള ഒരു ഇൻസ്റ്റിറ്റ്യൂഷണൽ സിസ്റ്റമാണ് ഈ മാറ്റങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്. കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ച്, പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള തുടർച്ചയായ മെച്ചപ്പെടുത്തലുകൾ സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു.
ഇരു ഹറമുകളുടെയും സേവനത്തിനായി ലഭിക്കുന്ന ഈ ചരിത്രപരമായ അംഗീകാരം വലിയ ബഹുമതിയായാണ് രാജ്യം കണക്കാക്കുന്നത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും മാർഗനിർദേശത്തിലുമാണ് ഈ മുന്നേറ്റങ്ങൾ സാധ്യമാകുന്നത്. ലോകമെമ്പാടുമുള്ള അതിഥികൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ആധുനികമായ ഒരു ‘സൗദി മോഡൽ’ ഹോസ്റ്റിംഗ് സംവിധാനം കെട്ടിപ്പടുക്കുകയാണ് വിഷൻ 2030-ലൂടെ ലക്ഷ്യമിടുന്നത്. ഓരോ വർഷവും സൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് തീർത്ഥാഥാടകരുടെ അനുഭവം കൂടുതൽ മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പ്രോഗ്രാം അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.