പ്രവാസി കരിയർ സ്ക്വയർ ‘ആർട്ട് ഓഫ് പ്രോംപ്റ്റിങ്’ എ.ഐ വർക്ഷോപ്പിൽ ഡോ. മുഹമ്മദ് അബ്ദുൽ മതീൻ ക്ലാസെടുക്കുന്നു
റിയാദ്: ആധുനിക സാങ്കേതിക വിദ്യകൾ തൊഴിൽ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി കരിയർ സ്ക്വയർ സംഘടിപ്പിച്ച ‘ദി ആർട്ട് ഓഫ് പ്രോംപ്റ്റിങ്’ എ.ഐ വർക്ഷോപ് ശ്രദ്ധേയമായി. പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസിന് കീഴിലുള്ള പി.സി.എസ്, ടാർഗറ്റ് ഗ്ലോബൽ അക്കാദമിയുടെ സഹകരണത്തോടെയാണ് റിയാദിൽ പരിപാടി സംഘടിപ്പിച്ചത്.
പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി വർക്ഷോപ് ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ), പ്രോംപ്റ്റ് എൻജിനീയറിങ് എന്നിവ കരിയറിലും നിത്യജീവിതത്തിലും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന വിഷയത്തിൽ പ്രമുഖ ട്രെയിനർ ഡോ. മുഹമ്മദ് അബ്ദുൽ മതീൻ ക്ലാസെടുത്തു. നിരവധി പ്രവാസികളും ഉദ്യോഗാർത്ഥികളും പങ്കെടുത്ത പരിപാടിക്ക് പി.സി.എസ് കോഓഡിനേറ്റർ ലബീബ് മാറഞ്ചേരി നേതൃത്വം നൽകി. ടാർഗെറ്റ് ഗ്ലോബൽ അക്കാദമി പ്രതിനിധി അബ്ദുൽ മുനീർ ആശംസകൾ നേർന്നു.
ഡോ. മുഹമ്മദ് അബ്ദുൽ മതീന് പ്രശംസഫലകം എം.പി. ഷഹ്ദാൻ കൈമാറുന്നു
വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവാസി കരിയർ സ്ക്വയറിന്റെ പുതിയ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. അബ്ദുറഹ്മാൻ മൗണ്ടു ലോഗോയുടെ ഡിസൈൻ ഘടനയും ആശയവും വിശദീകരിച്ചു. കരിയർ സപ്പോർട്ട്, അവയർനസ്, റിസോഴ്സ് നെറ്റ്‌വർക്കിങ്, എംപവർമെൻറ് (കെയർ) എന്നീ നാല് മൂല്യങ്ങളെ ആസ്പദമാക്കിയാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. ‘തൊഴിൽ ശാക്തീകരണം, സാമൂഹിക മുന്നേറ്റം’ എന്ന പുതിയ സ്ലോഗനും ചടങ്ങിൽ അവതരിപ്പിച്ചു.
പരിശീലകൻ ഡോ. അബ്ദുൽ മതീനുള്ള പ്രശംസാഫലകം പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ കൈമാറി. കോർ കമ്മിറ്റി അംഗം ഫജ്ന കോട്ടപ്പറമ്പിൽ നന്ദി പറഞ്ഞു. ലിപി ഷംനാദ്, ഹംന സജീർ, കദീജ ജീഹാൻ, വഫ ഹംന, ഹിബ മുനീർ, അഹ്ഫാൻ, ഷഫീഖ്, ശറഫുദ്ധീൻ തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. പ്രവാസികളുടെ തൊഴിൽപരമായ പുരോഗതി ലക്ഷ്യമാക്കി വരുംദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് പി.സി.എസ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.