റിയാദിൽ ആരംഭിച്ച സൗദി മീഡിയ ഫോറം വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ആധുനിക സാങ്കേതികവിദ്യയും സർഗാത്മകതയും കോർത്തിണക്കി അഞ്ചാമത് സൗദി മീഡിയ ഫോറത്തിന് റിയാദിൽ തുടക്കമായി. 12 പുതിയ മാധ്യമ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതായി സൗദി വാർത്തവിതരണ മന്ത്രി സൽമാൻ അൽ ദോസരി ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. സൗദി വിഷൻ 2030-ന്റെ ഭാഗമായി മാധ്യമമേഖലയെ ഒരു സുസ്ഥിര ബിസിനസ് മോഡലാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
മീഡിയ ഇന്നൊവേഷൻ ക്യാമ്പ് ആണ് ഒരു പദ്ധതി. മാധ്യമ ആശയങ്ങളെ പ്രായോഗിക ബിസിനസ് മോഡലുകളാക്കി മാറ്റുന്നതിനുള്ള പ്ലാറ്റ്‌ഫോമാണിത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇറലിജൻസ് അതോറിറ്റിയുമായി (സദായ) സഹകരിച്ച് മാധ്യമങ്ങളിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തത്വങ്ങൾ വ്യക്തമാക്കുന്ന രേഖ പുറത്തിറക്കിയതാണ് മറ്റൊന്ന്. കൂടാതെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വെർച്വൽ അവതാരകരുടെ സേവനം ഉപയോഗപ്പെടുത്താൻ പരിശീലനം നൽകുന്ന ‘വെർച്വൽ ബ്രോഡ്കാസ്റ്റർ’ പദ്ധതിക്കും തുടക്കമായി.
സംരംഭകത്വ ആശയങ്ങളെ പിന്തുണയ്ക്കാനും മാധ്യമ പ്രോജക്റ്റുകളെ സുസ്ഥിരമായ ബിസിനസ് മോഡലുകളാക്കി മാറ്റാനും മാധ്യമ പ്രവർത്തകരുടെ ശേഷി വർധിപ്പിക്കുന്നതിനുമുള്ള ‘തംകീൻ’, ‘നുമൂ’ എന്നിവയാണ് മറ്റ് പദ്ധതികൾ. രാജ്യത്തിന്റെ പൈതൃകം ആഗോളതലത്തിൽ എത്തിക്കുന്നതിനായി ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ജർമൻ ഭാഷകളിൽ ‘സൗദിപീഡിയ’ എന്ന പേരിൽ എൻസൈക്ലോപീഡിയ ലഭ്യമാക്കും. അന്താരാഷ്ട്ര സർവകലാശാലകളിൽ മാധ്യമ പഠനത്തിനായി ഈ വർഷം സ്കോളർഷിപ്പോടെ 100 സീറ്റുകൾ അനുവദിച്ചു.
‘ഭാവിതലമുറയെ സംരക്ഷിക്കാൻ വാഗ്ദാനങ്ങൾ നിറഞ്ഞ മാധ്യമ അന്തരീക്ഷം അനിവാര്യമാണ്. മാധ്യമങ്ങളെ വെറും വിവരശേഖരണ ഉപാധിയായല്ല, മറിച്ച് വികസനത്തിനുള്ള മാർഗമായാണ് സൗദി കാണുന്നത്.’ -വാർത്താവിതരണ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. ഖിദ്ദിയയിൽ നടക്കുന്ന ഇൻഫ്ലുവൻസർമാരുടെ സംഗമത്തിൽ 90 രാജ്യങ്ങളിൽ നിന്നായി 2000ത്തിലധികം പേർ പങ്കെടുക്കും. ഫോമെക്സ് എന്ന പേരിലെ ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷനിൽ 250-ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികൾ അണിനിരക്കും.
ഫോറത്തിന്റെ ഭാഗമായി നൽകുന്ന സൗദി മീഡിയ അവാർഡിനായി 20 രാജ്യങ്ങളിൽ നിന്ന് 500-ലധികം എൻട്രികൾ ലഭിച്ചു. അന്താരാഷ്ട്ര പങ്കാളിത്തത്തിൽ 200% വർധനവാണ് രേഖപ്പെടുത്തിയത്. ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ‘കുനൂസ്’ സംരംഭത്തിൽ സൗദിയുടെ പൈതൃകവും ഭാവിയും കോർത്തിണക്കുന്ന 30-ലധികം പദ്ധതികളാണ് അനാവരണം ചെയ്തത്. മേഖലയിലെ വെല്ലുവിളികൾ ചർച്ച ചെയ്യാനും പുതിയ അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയായി സൗദി മീഡിയ ഫോറം മാറും.
തിങ്കളാഴ്ച ആരംഭിച്ച മീഡിയ ഫോറം ബുധനാഴ്ച സമാപിക്കും. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് സന്ദർശനസമയം. മൂന്ന് ദിവസം നീളുന്ന ഈ മാധ്യമ സംഗമത്തിൽ 150-ലധികം സംവാദ സെഷനുകളിലായി ലോകമെമ്പാടുനിന്നുള്ള 300-ലധികം വിദഗ്ധരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. വിഷൻ 2030-െൻറ 10ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ ഫോറം, സൗദി മാധ്യമരംഗത്തെ ആഗോള തലത്തിൽ സ്വാധീനമുള്ള ഒന്നാക്കി മാറ്റാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എ.ഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സുസ്ഥിര മീഡിയ ബിസിനസ് എന്നിവയാണ് പ്രധാന വിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.