റിയാദ്: ഹുർമുസ് കടലിടുക്കിൽ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) രണ്ട് വാണിജ്യ എണ്ണക്കപ്പലുകൾക്കുനേരെ ഉണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ ആവർത്തിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തുടർച്ചയായ ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ അന്തരീക്ഷം വഷളാക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് സൗദി ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര സമുദ്രഗതാഗതത്തിെൻറ സുരക്ഷിതത്വത്തിനും ആഗോള ഊർജ്ജ വിതരണ ശൃംഖലക്കും നേരിട്ടുള്ള ഭീഷണിയാണ്. കൂടാതെ അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനവുമാണിത്.
ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യവും അവകാശങ്ങളും പരസ്പരം മാനിക്കണമെന്നും ഗതാഗതം തടസ്സപ്പെടുത്തുന്ന എല്ലാ നടപടികളെയും ഭീഷണികളെയും അപലപിക്കണമെന്നും വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തോടുള്ള നഗ്നമായ വെല്ലുവിളിയാണ് ഈ സംഭവമെന്നും സൗദി വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങൾ തുടരുന്നതിെൻറ പൂർണ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയ സൗദി അറേബ്യ, നിയമലംഘനങ്ങൾ ഉടനടി അവസാനിപ്പിക്കാനും ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും ഇറാനോട് ആവശ്യപ്പെട്ടു. മേഖലയുടെ സുരക്ഷയും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിെൻറ സുരക്ഷിതത്വവും കൂട്ടായ ഉത്തരവാദിത്തമാണെന്നും, ഇത്തരം ആക്രമണങ്ങൾ സഹിക്കാനോ നിസ്സാരമായി കാണാനോ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ ഊന്നിപ്പറഞ്ഞു.
സഹോദര രാജ്യമായ യു.എ.ഇക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച സൗദി അറേബ്യ, സ്വന്തം പരമാധികാരവും സുരക്ഷയും വിഭവങ്ങളും സംരക്ഷിക്കുന്നതിനായി യു.എ.ഇ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്ന് ആവർത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഹുർമുസ് കടലിടുക്കിൽ അഡ്നോകിെൻറ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി യു.എ.ഇ ഔദ്യോഗികമായി അറിയിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും യു.എ.ഇ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.