ജിദ്ദയിൽ ചേർന്ന ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിെൻറ മൂന്നാമത് ആസൂത്രണ യോഗത്തിൽനിന്ന്
ജിദ്ദ: അന്താരാഷ്ട്ര കടൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ മുൻകൈയ്യിൽ രൂപവത്കരിച്ച ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിെൻറ മൂന്നാമത് ആസൂത്രണ യോഗം ജിദ്ദയിലെ വെസ്റ്റേൺ ഫ്ലീറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വ്യാഴാഴ്ച നടന്നു. സഖ്യത്തിെൻറ പൂർണ തോതിലുള്ള പ്രവർത്തന തയാറെടുപ്പുകളിലേക്ക് നയിക്കുന്ന ഈ നിർണായക യോഗത്തിൽ 39 സഹോദര-സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
സഖ്യ രൂപവത്കരണത്തിനായുള്ള സംയുക്ത പ്രസ്താവനയിൽ ഇതുവരെ 15 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 13 രാജ്യങ്ങൾ ആവശ്യമായ എല്ലാ ഔദ്യോഗിക നിയമനടപടികളും പൂർത്തിയാക്കി സഖ്യത്തിെൻറ കരാറിൽ ഒപ്പുവെക്കുകയും പൂർണ അംഗത്വം നേടുകയും ചെയ്തു. ഇതോടെ കൂട്ടായ്മയുടെ പ്രവർത്തനം ഔദ്യോഗിക ഘട്ടത്തിലേക്ക് കടന്നു. ബാക്കിയുള്ള രാജ്യങ്ങൾ അംഗങ്ങളാകുന്നതിനുള്ള ആഭ്യന്തര നടപടികൾ വേഗത്തിലാക്കി വരികയാണ്.
കൂട്ടായ്മയുടെ ഘടനാപരമായ രൂപവത്കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയായിവരികയാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സഖ്യത്തിെൻറ ചീഫ് കമാൻഡറായി സൗദി അറേബ്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിലെ ഡെപ്യൂട്ടി കമാൻഡറായി പാകിസ്ഥാനിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി.
സഖ്യത്തിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്ര ആസ്ഥാനവും ഔദ്യോഗിക ലോഗോയും യോഗത്തിൽ അംഗീകരിച്ചു. കൂടാതെ, കമാൻഡ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ആസൂത്രണ രേഖകളും നിർദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
അംഗരാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉടൻ തന്നെ സഖ്യത്തിെൻറ വിവിധ വിഭാഗങ്ങളിൽ ചുമതലപ്പെടുത്തും. ജോയിൻറ് കമാൻഡ് ആൻഡ് സ്റ്റാഫ്, നാവിക പ്രവർത്തന ഏകോപന കേന്ദ്രം, ഇൻറലിജൻസ് കേന്ദ്രം എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇവർ പ്രവർത്തിക്കുക. ഇത് സഖ്യത്തിെൻറ പ്രതിരോധ ശേഷിയും പ്രവർത്തന സജ്ജതയും വേഗത്തിലാക്കാൻ സഹായിക്കും.
കടൽമാർഗ്ഗമുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം, പ്രധാന സമുദ്രപാതകൾ, ഇടുങ്ങിയ കടലിടുക്കുകൾ എന്നിവ സുരക്ഷിതമാക്കുക എന്നതാണ് ഈ സഖ്യത്തിെൻറ പ്രധാന ലക്ഷ്യം. ഇതുവഴി ആഗോളതലത്തിലുള്ള വ്യാപാരവും സാധന സാമഗ്രികളുടെ ഇറക്കുമതി-കയറ്റുമതിയും തടസ്സമില്ലാതെ നടക്കാൻ സഹായകരമാകും. അന്താരാഷ്ട്ര നിയമങ്ങളും സഖ്യത്തിെൻറ കരാറും മുൻനിർത്തി പ്രാദേശികവും അന്താരാഷ്ട്രീയവുമായ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഈ കൂട്ടായ്മ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിനിധികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.