ഉംറ തീർഥാടകർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണം: നിർദേശവുമായി ഇരുഹറം കാര്യാലയം

മക്ക: ഉംറ കർമങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിനായി തീർഥാടകർ തങ്ങളുടെ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും മക്ക മസ്ജിദുൽ ഹറാമിലെ തിരക്കി​െൻറ സ്വഭാവം മനസ്സിലാക്കി അനുയോജ്യമായ സമയം തെരഞ്ഞെടുക്കണമെന്നും ഇരുഹറം കാര്യാലയം അഭ്യർത്ഥിച്ചു.

ഇത് സംബന്ധിച്ച് അതോറിറ്റി പ്രത്യേക ബോധവൽക്കരണ ഗൈഡും പുറത്തിറക്കിയിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയും ആശ്വാസവും ഉറപ്പാക്കുന്നതിനൊപ്പം കർമങ്ങൾ പൂർത്തിയാക്കുന്നത് വരെയുള്ള അനുഭവം മെച്ചപ്പെടുത്തുന്നതി​െൻറയും ഭാഗമായാണ് മസ്ജിദുൽ ഹറാമിലെ തിരക്ക് സംബന്ധിച്ച വിവരങ്ങൾ അതോറിറ്റി പുറത്തുവിട്ടത്.

ഇതനുസരിച്ച് രാത്രി 10 മുതൽ പുലർച്ചെ നാല്​ വരെയും രാവിലെ ഒമ്പത്​ മുതൽ ഉച്ചകഴിഞ്ഞ് നാല്​ വരെയുമാണ് ഹറമിൽ ഏറ്റവും കുറഞ്ഞ തിരക്ക് അനുഭവപ്പെടുന്നത്. രാവിലെ അഞ്ച്​ മുതൽ എട്ട്​ വരെയുള്ള സമയങ്ങളിൽ മിതമായ തിരക്കാണുണ്ടാവുക. എന്നാൽ വൈകുന്നേരം അഞ്ച്​ മുതൽ രാത്രി ഒമ്പത്​ മണി വരെയുള്ള സമയത്ത്​ ഉയർന്ന തിരക്കായിരിക്കും.

ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് സമയം കൃത്യമായി ക്രമീകരിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഈ വിവരങ്ങൾ സഹായിക്കും. മുൻകൂട്ടിയുള്ള കൃത്യമായ പ്ലാനിങ്ങും അനുയോജ്യമായ സമയ തിരഞ്ഞെടുപ്പും ഹറമിനുള്ളിലെ സഞ്ചാരം കൂടുതൽ സുഗമമാക്കുമെന്നും തിരക്ക് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

കൂടാതെ, ‘ത്വവാഫ്’, ‘സഅ്‌യ്’ എന്നിവ നടക്കുന്ന ഭാഗങ്ങളിലെ നിലവിലെ തിരക്കി​െൻറ സ്ഥിതി തത്സമയം മനസ്സിലാക്കുന്നതിനായി അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്. കർമങ്ങൾ നിർവഹിക്കുന്നതിന് അനുയോജ്യമായ സമയവും സ്ഥലവും മുൻകൂട്ടി തെരഞ്ഞെടുക്കാൻ ഡിജിറ്റൽ സേവനങ്ങൾ തീർഥാടകരെ ഏറെ സഹായിക്കും.

Tags:    
News Summary - Iruharam Mosques Authority advises Umrah pilgrims to plan their trip in advance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.