യാംബു: അന്താരാഷ്ട്ര ടൂറിസം രംഗത്ത് ആഗോളതലത്തിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെൻറിെൻറ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 67 ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്തി.
അന്താരാഷ്ട്ര ടൂറിസം വരുമാനത്തിലെ വളർച്ചയിലും വിനോദസഞ്ചാരികളുടെ വർധനവിലും പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്നിലാക്കി സൗദി ഒന്നാമതെത്തി. 2019-ൽ ഏകദേശം 1.75 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 2025-ഓടെ 2.93 കോടിയായി ഉയർന്നു. ആഗോളതലത്തിലെ ശരാശരി ടൂറിസം വീണ്ടെടുക്കൽ നിരക്കിനേക്കാൾ വളരെ മുകളിലാണ് സൗദിയുടെ ഈ നേട്ടം. വിനോദസഞ്ചാരികളുടെ വളർച്ച നിരക്കിൽ 53 ശതമാനവുമായി മൊറോക്കോയാണ് രണ്ടാം സ്ഥാനത്ത്. ഈജിപ്ത് (47 ശതമാനം), ബ്രസീൽ (46 ശതമാനം), കൊളംബിയ (45 ശതമാനം), ജപ്പാൻ (34 ശതമാനം), ചിലി (33 ശതമാനം), നോർവേ (28 ശതമാനം) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2024-ലെ 2.97 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 1.6 ശതമാനത്തിെൻറ നേരിയ കുറവുണ്ടായെങ്കിലും, 2019നെ അപേക്ഷിച്ച് മൂന്നിൽ രണ്ട് ഭാഗത്തോളം വർധനവാണിത്. 2025ൽ ഇൻബൗണ്ട് ടൂറിസം വരുമാനം 176.6 ബില്യൺ സൗദി റിയാലിലെത്തി. ഇത് തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. വിനോദ ടൂറിസമാണ് ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത്. അതേസമയം, ആഭ്യന്തര ടൂറിസം മേഖലയിലും മികച്ച പുരോഗതി ദൃശ്യമാണ്. 2025-ൽ 9.33 കോടി പ്രാദേശിക സന്ദർശകരെ സ്വീകരിച്ച ഈ മേഖല, 2024-നെ അപേക്ഷിച്ച് എട്ട് ശതമാനം വർധനവോടെ 127.1 ബില്യൺ സൗദി റിയാലിെൻറ വരുമാനം നേടി. ആറു വർഷത്തിനിടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ ഈ വൻ കുതിപ്പ്, ടൂറിസത്തെ ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയാക്കാൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-െൻറ വിജയമാണ് വ്യക്തമാക്കുന്നത്. ടൂറിസം അടിസ്ഥാന സൗകര്യ വികസനം, പുതിയ വിനോദ പരിപാടികൾ, മേഖലയിലെ തുടർച്ചയായ മാറ്റങ്ങൾ എന്നിവയാണ് രാജ്യത്തെ ഈ ചരിത്രപരമായ നേട്ടത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.