ബുറൈദ: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയുടെ സമ്പന്നമായ കാർഷിക പാരമ്പര്യവും ഈന്തപ്പന വൈവിധ്യവും വിളംബരം ചെയ്തുകൊണ്ട് ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ കാർണിവൽ പുരോഗമിക്കുന്നു. മേഖലയിൽ വിളയുന്ന നൂറിലധികം ഈന്തപ്പഴ ഇനങ്ങളാണ് ഇവിടെ എത്തുന്ന സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ആകൃതി, രുചി, നിറം എന്നിവയിലെ സവിശേഷതകൾ കൊണ്ടും നൂറ്റാണ്ടുകളുടെ ചരിത്രപരമായ കാർഷിക പൈതൃകം കൊണ്ടും ശ്രദ്ധേയമായ നിരവധിയേറെ അപൂർവ ഇനങ്ങൾ കർഷകരുടെയും കാർഷിക മേഖലയിലെ വിദഗ്ധരുടെയും പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു.
കാർണിവലിൽ എത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണകേന്ദ്രം വിപണിയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ പ്രത്യേക ഇനങ്ങളാണ്. വ്യാപകമായി കൃഷി ചെയ്യാത്തതും പരിമിതമായ അളവിൽ മാത്രം ഉൽപാദിപ്പിക്കുന്നതുമായ വിഭവങ്ങൾക്ക് പുറമെ, പതിറ്റാണ്ടുകളായി ഖസീമിലെ കൃഷിയിടങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പരമ്പരാഗത പ്രാദേശിക ഇനങ്ങളും കർഷകർ ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. നബ്തത് സൈഫ്, നബ്തത് അലി, അൽ-ഹൽവ, അൽ-വനാന, അൽ-മക്തൂമി, അൽ-ഖുദ്രി, അൽ-റൂഥാന, അൽ-സഫാവി എന്നിവയാണ് ഇതിൽ പ്രധാനം. ഈന്തപ്പഴങ്ങളുടെ കാർഷികവും പൈതൃകവുമായ മൂല്യം ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ കാർണിവൽ പ്രധാന പങ്ക് വഹിക്കുന്നു. കർഷകർക്കും കാർഷിക പ്രേമികൾക്കും ഇവയുടെ പ്രത്യേകതകൾ നേരിട്ട് മനസ്സിലാക്കാനും, കൃഷിരീതികൾ, വിളപരിപാലനം, സംഭരണം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ പരിചയസമ്പത്തും അനുഭവങ്ങളും പരസ്പരം പങ്കുവെക്കാനും കാർണിവൽ മികച്ച വേദിയൊരുക്കുന്നു.
മാർക്കറ്റിലെ അപൂർവ ഈന്തപ്പഴങ്ങളുടെ സജീവ സാന്നിധ്യം ഈന്തപ്പനകളുടെ ജനിതക വൈവിധ്യം സംരക്ഷിക്കേണ്ടതിെൻറ അത്യന്താപേക്ഷിതമായ പ്രാധാന്യത്തെയാണ് അടിവരയിടുന്നത്. അൽ ഖസീമിലെ കാർഷിക സമ്പത്തിെൻറ അവിഭാജ്യ ഘടകമായ ഇവ, ഉൽപാദനം, വിപണനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ അതിവേഗ വളർച്ച കൈവരിക്കുന്ന രാജ്യത്തെ ഈന്തപ്പഴ മേഖലക്ക് വൻ കരുത്താണ് പകരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൃഷി കുറഞ്ഞുപോയ ചില പ്രത്യേക ഇനങ്ങളെ പുനരുജ്ജീവിപ്പിക്കാനും, കൃഷിയിലെ വൈവിധ്യം വർധിപ്പിക്കാനും, വരുംതലമുറകൾക്കായി ചരിത്രപരമായ കാർഷിക പാരമ്പര്യം സുസ്ഥിരമായി നിലനിർത്താനും ഇത് കർഷകർക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു.
സൗദി വിഷൻ 2030-െൻറ കാർഷിക മേഖലയിലെ വികസനത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപ്രധാന ലക്ഷ്യങ്ങൾക്ക് പൂർണ്ണമായും അനുസൃതമായാണ് ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ കാർണിവൽ സംഘടിപ്പിക്കപ്പെടുന്നത്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ മേൽനോട്ടത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ പകുതി വരെ 75 ദിവസങ്ങളിലായി നടക്കുന്ന ഈ വാർഷിക പരിപാടി, ഇന്ന് ആഗോള ശ്രദ്ധയാകർഷിക്കുന്ന പ്രമുഖ സാമ്പത്തിക-കാർഷിക ഇവൻറായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.