റിയാദ്: ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അച്ചടി ചരിത്രത്തിന് വിരാമമിട്ടുകൊണ്ട്, സൗദി അറേബ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ അൽ യമാമ പ്രസ് ഫൗണ്ടേഷൻ തങ്ങളുടെ പ്രശസ്ത പ്രസിദ്ധീകരണങ്ങളായ ‘അൽ റിയാദ്’ ദിനപത്രവും ‘അൽ യമാമ’ മാസികയും അച്ചടി നിർത്തുന്നു. ഇനി പൂർണമായും ഡിജിറ്റൽ രൂപത്തിൽ വായനക്കാരുടെ മൊബൈലുകളിലെത്തും.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയോടും വായനക്കാരുടെ പുതിയ ശീലങ്ങളോടും പൊരുത്തപ്പെടുന്നതിെൻറ ഭാഗമായാണ് ഈ വലിയ തീരുമാനം. ഈ മാസം (ആഗസ്റ്റ്) 24-ന് പുറത്തിറങ്ങുന്ന പതിപ്പായിരിക്കും വരിക്കാരുടെ കൈകളിൽ കടലാസ് രൂപത്തിൽ എത്തുന്ന അവസാന അച്ചടി പതിപ്പ്.
ആഗസ്റ്റ് 24-ന് ശേഷം പത്രത്തിെൻറയും മാസികയുടെയും വാർത്തകളും ഉള്ളടക്കങ്ങളും വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ലഭ്യമാകും. ഇതോടൊപ്പം പത്രം അതേപടി ഫോണിലോ കമ്പ്യൂട്ടറിലോ വായിക്കാൻ കഴിയുന്ന പി.ഡി.എഫ് രൂപത്തിലും വായനക്കാർക്ക് ലഭിക്കും.
ദീർഘകാലമായി കാത്തുസൂക്ഷിക്കുന്ന പ്രഫഷനൽ മൂല്യങ്ങളും വായനക്കാരുടെ വിശ്വാസ്യതയും നിലനിർത്തിക്കൊണ്ടുതന്നെ, വിവരങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ മാറ്റത്തിലൂടെ ശ്രമിക്കുന്നത്. പരമ്പരാഗതമായി പത്രം അച്ചടിച്ച് വിതരണം ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ, ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയുള്ള വാർത്തകൾ കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് എത്തിക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
സൗദി മാധ്യമ രംഗത്ത് വലിയ ചരിത്ര പശ്ചാത്തലമുള്ള പ്രസിദ്ധീകരണങ്ങളാണിവ. റിയാദ് നഗരത്തിൽനിന്ന് അറബി ഭാഷയിൽ പുറത്തിറങ്ങിയ ആദ്യ ദിനപത്രമാണ് ‘അൽ റിയാദ്.’ 1965 മേയ് ഒന്നിന് അൽ യമാമ പ്രസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ പത്രം, റിയാദിലെ മർഖബ് എന്ന സ്ഥലത്തുനിന്നാണ് തുടക്കമിട്ടത്.
പിന്നീട് മലസിലേക്കും തുടര്‍ന്ന് നിലവിലെ ആസ്ഥാനമായ അൽ സഹാഫയിലേക്കും മാറിയ പത്രം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ദിനപത്രങ്ങളിലൊന്നായി വളർന്നു. റിയാദ് മേഖലയിൽനിന്ന് പുറത്തിറങ്ങിയ ആദ്യത്തെ മാധ്യമ പ്രസിദ്ധീകരണമാണ് ‘അൽ യമാമ’ മാസിക. 1953 ആഗസ്റ്റിൽ മാസികയായി തുടങ്ങിയ ഇത് പിന്നീട് വാരികയായും പത്രമായും ഒക്കെ മാറി.
ഒടുവിൽ 1965-ൽ അൽ റിയാദ് പത്രം ആരംഭിച്ചതോടെ അൽ യമാമയെ വാർത്തകൾക്കും സംസ്കാരത്തിനും പ്രാധാന്യം നൽകുന്ന ഒരു വാരികയായി വീണ്ടും പുനഃക്രമീകരിക്കുകയായിരുന്നു. ലോകമെമ്പാടും അച്ചടി പത്രങ്ങൾ നേരിടുന്ന വലിയ സാമ്പത്തിക-സാങ്കേതിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ ഡിജിറ്റൽ പരിവർത്തനം. കടലാസ് പത്രങ്ങളുടെ വിതരണത്തിലുണ്ടായ കുറവ്, പരസ്യ വരുമാനത്തിലെ ഇടിവ്, ഉയർന്ന പ്രിൻറിങ്-വിതരണ ചെലവുകൾ എന്നിവയാണ് പത്രങ്ങളെ പ്രയാസത്തിലാക്കുന്നത്.
പത്രത്തിന്റെ ആസ്ഥാനം
മറുഭാഗത്ത്, മൊബൈൽ ഫോണുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തത്സമയം വാർത്തകൾ അറിയാൻ ആളുകൾ കൂടുതൽ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇത്തരം മാറ്റങ്ങൾ കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗദിയിലെ മറ്റു പല മാധ്യമ സ്ഥാപനങ്ങളും അച്ചടി പതിപ്പുകൾ കുറയ്ക്കുകയോ പൂർണമായി നിർത്തലാക്കുകയോ ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ വരിസംഖ്യകളും പുതിയ മാധ്യമ സേവനങ്ങളും അടിസ്ഥാനമാക്കി മുന്നോട്ടുപോകുന്ന സൗദി മാധ്യമ രംഗത്തെ പുതിയ വഴിത്താരയിലേക്ക് തന്നെയാണ് ഇപ്പോൾ ‘അൽ റിയാദും’ ‘അൽ യമാമയും’ ചുവടുവെക്കുന്നത്. ഇതേ ഗ്രൂപ്പിന് കീഴിൽ 2005 വരെ റിയാദ് ഡെയിലി എന്നൊരു ഇംഗ്ലീഷ് ദിനപത്രവും ഇറങ്ങിയിരുന്നു. ഇതിൽ നിരവധി മലയാളി മാധ്യമപ്രവർത്തകർ ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.