ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗദിയുടെ നിർണായക നീക്കം

റിയാദ്​: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥക്കും പിരിമുറുക്കങ്ങൾക്കും അയവുവരുത്തുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുമായി നിർണായക നയതന്ത്ര നീക്കങ്ങളുമായി സൗദി അറേബ്യ.

ഇതി​െൻറ ഭാഗമായി സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുൽറഹ്​മാൻ ബിൻ ജാസിം അൽഥാനി, ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മൻ അൽ സഫാദി എന്നിവരുമായി നിർണായക ഫോൺ സംഭാഷണങ്ങൾ നടത്തി. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ സൗദി വിദേശകാര്യമന്ത്രിയെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

മേഖലയിലെ സമീപകാല സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള വിവിധ നയതന്ത്ര മാർഗങ്ങളും സൗദി-ഇറാൻ വിദേശകാര്യമന്ത്രിമാർ വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സുരക്ഷ, സ്ഥിരത, പുരോഗതി എന്നിവ കൈവരിക്കുന്നതിനുള്ള പ്രാദേശിക പങ്കാളിത്തം സൗദി അറേബ്യ തുടർന്നും ഉറപ്പുവരുത്തുമെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.

ഖത്തർ, ജോർഡാൻ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ വെവ്വേറെ ചർച്ചകളിൽ സമാധാനശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകാനും നയതന്ത്ര നിലപാടുകൾ ഏകോപിപ്പിച്ച് സംയുക്തമായി മുന്നോട്ടുപോകാനും ധാരണയായി. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഭീഷണികളെ ഒന്നിച്ചുചെറുക്കേണ്ടതിന്റെ അനിവാര്യത മൂന്ന് നേതാക്കളും ചൂണ്ടിക്കാട്ടി.

അറേബ്യൻ ഗൾഫിലും ചെങ്കടലിലും സ്വതന്ത്ര സമുദ്രസഞ്ചാരവും നാവിക ഗതാഗത സുരക്ഷയും പൂർണമായി ഉറപ്പുവരുത്തേണ്ടതി​െൻറ പ്രാധാന്യം ചർച്ചകളിൽ പ്രധാന വിഷയമായി ഉയര്‍ന്നുവന്നു. നിലവിലെ പ്രാദേശിക പ്രതിസന്ധി മൂലമുണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങളും സാമ്പത്തിക-സുരക്ഷാ ആഘാതങ്ങളും പരമാവധി കുറയ്ക്കുന്നതിനും നാവിക ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അടിയന്തര നടപടികളും സംയുക്ത ശ്രമങ്ങളും അനിവാര്യമാണെന്ന് വിദേശകാര്യമന്ത്രിമാർ പ്രസ്താവിച്ചു.

Tags:    
News Summary - മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സൗദിയുടെ നിർണായക നീക്കം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-03 02:07 GMT
access_time 2026-08-03 02:03 GMT