കെ.എസ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തപ്പോൾ
യാംബു: ഗസ്സയിൽ ദുരിതത്തിലായ ഫലസ്തീൻ കുടുംബങ്ങൾക്ക് ഭക്ഷ്യസഹായം തുടർന്ന് സൗദി അറേബ്യ. രാജ്യത്തിന്റെ ആഗോള സഹായ ഏജൻസിയായ കെ.എസ്. റിലീഫ് സെന്ററിന്റെ നിർവഹണ പങ്കാളിയായ സൗദി സെന്റർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജിന്റെ സഹകരണത്തോടെയാണ് ആയിരക്കണക്കിന് ഭക്ഷണസാധനങ്ങൾ കഴിഞ്ഞ ദിവസം ഫലസ്തീനിൽ വിതരണം ചെയ്തത്. പൊതു ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഫലസ്തീൻ കുടുംബങ്ങൾക്ക് തുടർച്ചയായ സഹായമാണ് സൗദി നൽകിവരുന്നത്.
സ്ത്രീകൾ കൂടുതലുള്ള കുടുംബങ്ങൾക്കും അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള വലിയ കുടുംബങ്ങൾക്കും മുൻഗണന നൽകിയാണ് ഇത്തവണ ആയിരക്കണക്കിന് ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തതെന്ന് കെ.എസ്. റിലീഫ് വക്താവ് പറഞ്ഞു. ജനങ്ങൾ നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങൾക്കിടയിൽ ഗസ്സയിലെ താമസക്കാർക്ക് ഭക്ഷ്യസുരക്ഷയൊരുക്കുന്ന സൗദിയുടെ പദ്ധതി ഏറെ ആശ്വാസം നൽകുന്നു. ഇസ്രായേൽ തുടർന്നു കൊണ്ടിരിക്കുന്ന യുദ്ധവും ഉപരോധവും മൂലമുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം വലിയ ക്ഷാമ പ്രതിസന്ധി ഉണ്ടാക്കിയതായി യു.എൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഗസ്സയിലെ ക്ഷാമവും വംശഹത്യയും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഇസ്സയുടെ അടിയന്തര ആഹ്വാനം വീണ്ടും ആവർത്തിച്ചു. ഉപരോധവും ഭക്ഷണത്തിന്റെയും വൈദ്യസഹായങ്ങളുടെയും കടുത്ത ക്ഷാമവും കാരണം നിരവധി മേഖലകളിലെ ക്ഷാമം മൂലം ഗസ്സയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളായതിനെക്കുറിച്ച് ലോക മുസ്ലിം യുവജന അസംബ്ലി ആശങ്ക പ്രകടിപ്പിച്ചു. ദുരിതാശ്വാസ വിമാനങ്ങൾ, സംഭാവന കാമ്പയ്നുകൾ, സൗദി നൽകുന്ന അടിയന്തര മെഡിക്കൽ സഹായം, ഭക്ഷ്യ സഹായം എന്നിവയുൾപ്പെടെ ഫലസ്തീൻ ജനതക്ക് നൽകുന്ന തുടർച്ചയായ പിന്തുണ ഇതിനകം അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.