റിയാദ്: മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശികൾക്ക് മുതൽമുടക്കാൻ അനുവാദം. പുണ്യനഗരങ്ങളുടെ അതിർത്തിക്കുള്ളിൽ സ്ഥിരമായോ താൽക്കാലികമായോ പ്രവർത്തിക്കുന്ന സൗദി ഫിനാൻഷ്യൽ മാർക്കറ്റിൽ (സൗദി സ്റ്റോക് എസ്ചേഞ്ച്, തദാവുൽ) ലിസ്റ്റ് ചെയ്തിട്ടുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളിലാണ് വിദേശികൾക്ക് നിക്ഷേപം നടത്താൻ അനുവദിക്കുന്ന വിപ്ലവകരമായ നയം സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) പ്രഖ്യാപിച്ചത്.
ഈ മാസം 27ന് പ്രാബല്യത്തിൽ വന്ന ഈ സംരംഭം, വിദേശ മൂലധനത്തെ ആകർഷിക്കുന്നതിനും സൗദി മൂലധന വിപണിയെ ഉത്തേജിപ്പിക്കുന്നതിനും രണ്ട് പുണ്യ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയിലുള്ളതുമായ വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സൗദി പൗരരല്ലാത്ത റിയൽ എസ്റ്റേറ്റ് സംരംഭകരുടെ ഉടമസ്ഥതയിലുള്ള, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളെ ‘സൗദി ഇതര’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ അനുമതി.
വിദേശ മൂലധനം ആകർഷിക്കാനും മക്കയിലും മദീനയിലും നിലവിലുള്ളതോ ഭാവിയിലുണ്ടാകുന്നതോ ആയ പദ്ധതികൾക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് വിപ്ലവകരമായ ഈ തീരുമാനം.
പുണ്യനഗരങ്ങളുടെ ഭൂപരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയുള്ള കമ്പനികളിൽ ഈ നിയമത്തിന് അനുസൃതമായി വിദേശികൾ നടത്തുന്ന നിക്ഷേപം ഓഹരികളിലോ ഓഹരികളാക്കി മാറ്റാവുന്ന ഡെപ്റ്റ് ഉപകരണങ്ങളിലോ ആയി പരിമിതപ്പെടുത്തും. വ്യക്തികളോ കമ്പനികളോ ആയിട്ടുള്ള വിദേശ നിക്ഷേപകർക്ക് ഇങ്ങനെ 49 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാം. അതേസമയം, തന്ത്രപ്രധാനമായ വിദേശ നിക്ഷേപകരെ ഇങ്ങനെ ഓഹരികൾ കൈവശം വെക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
വിശുദ്ധ നഗരങ്ങളിലെ വികസന പദ്ധതികളിലൂടെയുണ്ടാകുന്ന സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാൻ വിദേശ നിക്ഷേപകരെ പ്രാപ്തരാക്കുന്നതാണ് പുതിയ നിക്ഷേപ നയമെന്നും അതോറിറ്റി വ്യക്തമാക്കി.
എന്നാൽ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമവും സൗദിയിതര രാജ്യങ്ങളുടെ നിക്ഷേപവും ഉൾപ്പെ ടെയുള്ള പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും വിദേശനിക്ഷേപ ഇടപാടുകൾക്ക് അനുമതി.
സൗദി സാമ്പത്തിക വിപണിയുടെ ആകർഷണീയത ഉയർത്തുന്നതിനും വിദേശ നിക്ഷേപകരുടെ പ്രവേശനം പ്രത്യക്ഷമായോ പരോക്ഷമായോ വർധിപ്പിക്കുന്നതിനുമായി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി നിരവധി ശ്രമങ്ങളും നടപടികളും ഇതിനകം നടത്തിയിട്ടുണ്ട്. 2021ൽ മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ വിദേശികളുടെ പങ്കാളിത്തം ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അനുവദിച്ചിരുന്നു. വൈവിധ്യമാർന്ന ധനസ്രോതസ്സുകളെ സജീവമാക്കുന്നതിനും ‘സൗദി വിഷൻ 2030’ന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഇത്.
പുതിയ നയത്തിലൂടെ നിക്ഷേപത്തെ ഉത്തേജിപ്പിക്കുക, സാമ്പത്തിക വിപണിയുടെ ആകർഷണവും കാര്യക്ഷമതയും വർധിപ്പിക്കുക, പ്രാദേശികമായും അന്തർദേശീയമായും അതിന്റെ മത്സരശേഷി വർധിപ്പിക്കുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.