ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് അ​ൽ​അ​ബീ​ർ ബ്ലൂ​സ്റ്റാ​ർ സോ​ക്ക​ർ ഫെ​സ്റ്റി​ൽ വി.​പി. മു​ഹ​മ്മ​ദ​ലി​യും

മ​റ്റ് അ​തി​ഥി​ക​ളും ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്നു

സബീൻ എഫ്.സിക്കും ബ്ലൂസ്റ്റാർ എ ടീമിനും എ.സി.സി ബി ടീമിനും ജയം

ജിദ്ദ: ഖാലിദ് വലീദ് ഹിലാൽ ശാം സ്റ്റേഡിയത്തിൽ നടന്നുവരുന്ന അഞ്ചാമത് അൽഅബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിലെ സൂപ്പർ ലീഗ് മത്സരങ്ങളിൽ ആതിഥേയരായ ബ്ലൂസ്റ്റാർ എ ടീമിനും നിലവിലെ ചാമ്പ്യന്മാരായ സബീൻ എഫ്.സിക്കും ജയം.

ബ്ലൂസ്റ്റാർ എ ടീം നഖ്ആ ഐസ് ഫാക്ടറി റിയൽ കേരള എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ഷറഫിയ ട്രേഡിങ് സബീൻ എഫ്.സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആദാബ് ബിരിയാണി ഹൗസ് എ.സി.സി എ ടീമിനെയും തോൽപിച്ച് ടൂർണമെന്റിലെ ഫൈനൽ സാധ്യത നിലനിർത്തി. ആദ്യമത്സരത്തിൽ കളിയുടെ ആദ്യപകുതിയിൽ കിട്ടിയ കോർണർ കിക്ക് വലയിലേക്ക് തട്ടിയിട്ട് മുഹമ്മദലി ഒതുക്കുങ്ങലാണ് ബ്ലൂസ്റ്റാർ എ ടീമിന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്.

തൊട്ടുപിന്നാലെ പെനാൽറ്റി ബോക്സിനകത്തുവെച്ച് ഫാസിലിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് അനസ് ബ്ലൂസ്റ്റാർ ടീമിന്റെ ലീഡുയർത്തി. രണ്ടാം പകുതിയിൽ കാണികളുടെ നിറഞ്ഞ പിന്തുണയോടെ നിഷാദ് കൊളക്കാടൻ, വിഷ്ണു മനോജ് എന്നിവരുടെ നേതൃത്വത്തിൽ റിയൽ കേരള എഫ്.സി ഗോൾ മടക്കാൻ ആഞ്ഞുശ്രമിച്ചെങ്കിലും മുസ്തഫ ഒതുക്കുങ്ങൽ, ഷിബിൻഷ കൊടശ്ശേരി എന്നിവർ നേതൃത്വം കൊടുത്ത ബ്ലൂസ്റ്റാർ പ്രധിരോധനിര ഒരുപിഴവും അനുവദിക്കാതെ അവസാന വിസിൽവരെ പിടിച്ചുനിന്നു.

ബ്ലൂസ്റ്റാർ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്നാൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സബീൻ എഫ്.സി-എ.സി.സി എ എന്നിവർ ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ അസ്കർ, അഫദൽ മുത്തു, മനാഫ് എന്നിവരാണ് സബീൻ എഫ്.സിക്കുവേണ്ടി ഗോളുകൾ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും.

സന്തോഷ് ട്രോഫി താരം അഫദൽ മുത്തുവിന്റെ നേതൃത്വത്തിൽ സബീൻ എഫ്.സി മത്സരത്തിന്റെ തുടക്കം മുതൽ എ.സി.സി ഗോൾമുഖത്തേക്ക് നിരന്തരം പന്തുമായി കടന്നുകയറിയെങ്കിലും ശിഹാബ് കാളികാവ്, ഷഫീഖ് കാളികാവ്, മുഹമ്മദ് എന്നിവർ അണിനിരന്ന പരിചയസമ്പന്നരായ എ.സി.സി പ്രധിരോധനിര ഒരുപിഴവും അനുവദിച്ചില്ല. മറുഭാഗത്ത് എ.സി.സിയുടെ ഹൈദരാബാദി താരം ഇമാദ് നാസർ ഇടക്കിടക്ക് മികച്ച ചില മുന്നേറ്റങ്ങളിലൂടെ സബീൻ എഫ്.സി ഗോൾമുഖത്തും ഭീതിവിതച്ചു.

പ്രധിരോധ നിരക്ക് മികച്ച പിന്തുണ നൽകുന്നതോടൊപ്പം തന്നെ മുന്നേറ്റനിരക്ക് പന്ത് എത്തിക്കുന്നതിലും മിടുക്കുകാട്ടിയ സബീൻ എഫ്.സിയിലെ പ്രതിരോധനിര താരം സൽമാൻ ഫാരിസ് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

സെക്കൻഡ് ഡിവിഷൻ മത്സരത്തിൽ എ.സി.സി ബി ടീം റെഡ്സീ ബ്ലാസ്റ്റേഴ്സ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചു.

എ.സി.സി ബി ടീമിനുവേണ്ടി രണ്ടു ഗോളുകളും സ്കോർ ചെയ്ത ആഷിഖ് വട്ടിപ്പറമ്പത്ത് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദലി, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര, ബദർ തമാം മാർക്കറ്റിങ് മാനേജർ ഡോ. അഷറഫ്, മുസ്തഫ ഇരുമ്പുഴി, ബാവ പള്ളിശ്ശേരി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ഷറഫിയ ട്രേഡിങ് ഡയറക്ടർ സബീൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ സമ്മാനിച്ചു.

Tags:    
News Summary - Football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.