ഇസ്ലാമിക കലണ്ടറിലെ വിശുദ്ധമായ റമദാൻ മാസം വിശ്വാസികൾക്ക് വെറുമൊരു വ്രതാനുഷ്ഠാനമല്ല; അത് ആത്മീയമായ നവീകരണ പ്രക്രിയയാണ്. പട്ടിണിയുടെയും ദാഹത്തിന്റെയും വേദനയിലൂടെ സഹജീവി സ്നേഹത്തിന്റെയും ക്ഷമയുടെയും പാഠങ്ങൾ ലോകത്തിന് പകർന്നുനൽകുന്ന പുണ്യകാലം.
ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഏറെ പ്രതീക്ഷയോടെയാണ് റമദാനെ വരവേൽക്കുന്നത്. നോമ്പ് എന്നത് കേവലം ശാരീരിക പരിശീലനമല്ല, മറിച്ച് ആത്മനിയന്ത്രണത്തിന്റെ പാരമ്യമാണ്. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ മനുഷ്യൻ തന്റെ ഇച്ഛകളെ നിയന്ത്രിക്കാൻ പഠിക്കുന്നു. വിശപ്പിന്റെ കഠിനത അനുഭവിക്കുമ്പോൾ, ലോകത്തെവിടെയോ വിശപ്പടക്കാൻ വകയില്ലാത്ത പാവപ്പെട്ടവന്റെ ആത്മവ്യഥ വിശ്വാസിക്ക് തിരിച്ചറിയാൻ സാധിക്കുന്നു. ഈ തിരിച്ചറിവാണ് കരുണയും സഹാനുഭൂതിയും ഓരോ മനസ്സിലും വളർത്തുന്നത്.
റമദാനിനെ സവിശേഷമാക്കുന്ന പ്രധാന ഘടകം അത് ഖുർആൻ അവതരിച്ച മാസമാണ് എന്നതാണ്. മനുഷ്യരാശിക്ക് മുഴുവൻ വഴികാട്ടിയായി അവതരിച്ച ദൈവവചനങ്ങളുടെ പാരായണത്തിനും പഠനത്തിനുമായി വിശ്വാസികൾ ഈ സമയം മാറ്റിവെക്കുന്നു. ഖുർആന്റെ അർഥതലങ്ങളിലൂടെ സഞ്ചരിക്കാനും അത് ജീവിതത്തിൽ പകർത്തി സൽവഴിയിലൂടെ നീങ്ങാനുമുള്ള വലിയൊരു അവസരമാണ് ഈ മാസം നൽകുന്നത്. രാത്രിയിലെ ദീർഘമായ തറാവീഹ് നമസ്കാരങ്ങളും പ്രാർഥനകളും മനസ്സിനെ കൂടുതൽ മൃദുവാക്കുകയും തെറ്റുകളിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു.
റമദാൻ വിഭാവനം ചെയ്യുന്ന വലിയ നേട്ടം ‘തഖ്വ’അഥവാ സൂക്ഷ്മതയാണ്. അല്ലാഹുവിന്റെ കൽപനകൾ പാലിച്ച് ജീവിതം ക്രമീകരിക്കുന്ന വിശ്വാസി തന്റെ നോട്ടം, സംസാരം, ചിന്ത എന്നിവയെല്ലാം നിയന്ത്രിക്കാൻ ഈ മാസത്തിൽ പരിശീലനം നേടുന്നു. പരദൂഷണങ്ങളിൽ നിന്നും തിന്മകളിൽ നിന്നും ഒഴിഞ്ഞുനിന്ന് നാവിനെ നന്മയുടെ വഴിയേ നടത്താൻ നോമ്പ് വിശ്വാസിയെ പ്രേരിപ്പിക്കുന്നു.
സമൂഹജീവിതത്തിൽ വലിയൊരു മാറ്റമാണ് റമദാൻ കൊണ്ടുവരുന്നത്. ദാനധർമങ്ങൾക്ക് (സദഖ) ഏറെ പ്രാധാന്യമുള്ള മാസമാണിത്. ആഡംബര പൂർണമായ ഇഫ്താറുകളേക്കാൾ സഹായം ആവശ്യമുള്ളവന്റെ വിശപ്പകറ്റുന്ന പങ്കുവെക്കലിന്റെ രീതിയാണ് മനോഹരം. അകന്നുപോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കാനും പിണക്കം മറന്ന് പരസ്പരം മാപ്പുനൽകാനും ഈ കാലയളവ് സഹായിക്കുന്നു. ഇത് സമൂഹത്തിൽ സമാധാനവും ഐക്യവും വളർത്തുന്നു.
റമദാൻ എന്നത് ഒരു മാസത്തെ ആരാധന മാത്രമല്ല, വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ എങ്ങനെ ജീവിക്കണം എന്നതിനുള്ള ആത്മീയ പരിശീലനമാണ്. ഈ പുണ്യമാസത്തിൽ നേടിയെടുക്കുന്ന വിനയവും ദയയും ആത്മീയ കരുത്തും റമദാനിന് ശേഷവും ജീവിതത്തിൽ നിലനിർത്താൻ ഓരോ വിശ്വാസിക്കും കഴിയണം. ഹൃദയം ശുദ്ധമാകുകയും നന്മയുടെ വിളക്കുകൾ നാടെങ്ങും പ്രകാശിക്കുകയും ചെയ്യുന്ന പുണ്യകാലമായി ഇത് മാറട്ടെ. നമ്മുടെ വീടുകളിൽ സമാധാനം നിറയ്ക്കാനും സൽപ്രവൃത്തികളാൽ ഈ മാസത്തെ ധന്യമാക്കാനും ഏവർക്കും സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.