റിയാദ്: മിഡിൽ ഈസ്റ്റിലെ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ പിന്തുണച്ചുകൊണ്ടുള്ള ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബിയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഇരമ്പുന്നു. സൗദി അറേബ്യയുൾപ്പെടെ പതിനഞ്ചോളം അറബ്-മുസ്‌ലിം രാജ്യങ്ങളും ജി.സി.സി സെക്രട്ടേറിയറ്റ്, അറബ് ലീഗ്, ഒ.ഐ.സി എന്നീ പ്രമുഖ സംഘടനകളും പ്രസ്താവനയെ ശക്തമായി അപലപിച്ചു. ഹക്കബിയുടെ നിലപാട് മേഖലയിലെ സമാധാന സാധ്യതകളെ തകർക്കുന്നതും വീണ്ടും സംഘർഷത്തിന് തിരികൊളുത്തുന്നതുമാണെന്ന് രാജ്യങ്ങൾ സംയുക്തമായി വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം സ്ഥലങ്ങളും ഇസ്രായേൽ പിടിച്ചെടുത്താലും തങ്ങൾക്ക് വിരോധമില്ലെന്നും ജൂതജനതയ്ക്ക് ആ ഭൂമിയിൽ അവകാശമുണ്ടെന്നുമായിരുന്നു അംബാസഡറുടെ വിവാദ പരാമർശം. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി, ജോർദാൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ, സിറിയ, ഫലസ്തീൻ, കുവൈത്ത്, ലബനാൻ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ നിലപാട് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.
ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ദർശനങ്ങളോ സമഗ്രമായ സമാധാന പദ്ധതിയോ ഇത്തരം നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയങ്ങൾ ഓർമിപ്പിച്ചു. അധിനിവേശത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ തകർക്കും. സമാധാനത്തിന് സംഭാവന നൽകുന്നതിന് പകരം നിലവിലെ പിരിമുറുക്കങ്ങൾക്ക് ഇന്ധനം നൽകുന്നതാണ് അംബാസഡറുടെ വാക്കുകളെന്നും പ്രതിഷേധക്കുറിപ്പിൽ പറയുന്നു.
അധിനിവേശ ഫലസ്തീൻ പ്രദേശത്തോ മറ്റ് അറബ് പ്രദേശങ്ങളിലോ ഇസ്രായേലിന് യാതൊരുവിധ പരമാധികാരവുമില്ലെന്ന് അറബ്-ഇസ്‌ലാമിക് രാജ്യങ്ങൾ ആവർത്തിച്ചു. വെസ്റ്റ് ബാങ്കിനെ ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനോ ഗസ്സ മുനമ്പിനെ ഫലസ്തീനിൽ നിന്ന് വേർപെടുത്താനോ ഉള്ള ഏതൊരു നീക്കത്തെയും തള്ളിക്കളയുന്നതായും ഇവർ വ്യക്തമാക്കി.
നിയമവിരുദ്ധ കുടിയേറ്റ പ്രവർത്തനങ്ങളുടെ വ്യാപനവും അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികളും അംഗീകരിക്കാനാവില്ല. ഇസ്രായേലിന്റെ ഏകപക്ഷീയമായ നടപടികളും വികാസ നയങ്ങളും കൂടുതൽ അക്രമങ്ങളിലേക്ക് നയിക്കുമെന്നും നീതിയുക്തമായ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. 1967 ജൂൺ നാലിലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ട്, ഫലസ്തീൻ ജനതയുടെ സ്വയം നിർണായാവകാശവും സ്വതന്ത്ര രാഷ്ട്രമെന്ന സ്വപ്നവും യാഥാർത്ഥ്യമാക്കണമെന്ന ഉറച്ച നിലപാടോടെയാണ് രാജ്യങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.