ബൈജു പുളിക്കൽ
ജിസാൻ: ബയ്ശിൽ മരിച്ച മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ ബൈജു പുളിക്കലിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ചു. ഈ മാസം 12നാണ് ജിസാൻ ബയ്ശ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
സൗദി എയർലൈൻസിൽ കൊണ്ടുപോയ മൃതദേഹത്തെ ജ്യേഷ്ഠസഹോദരൻ ലൈജുവും സഹോദരി ഭർത്താവ് ദേവാനന്ദനും അനുഗമിച്ചു. പൊന്നാനി ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.
കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബയ്ശ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 15 വർഷമായി ബയ്ശിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ‘ഫോർ ഫോൾഡ് മെയിന്റനൻസ് ആൻഡ് ഫിനിഷിങ്’കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൂന്ന് വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടി പൂർത്തിയാക്കിയത്. ‘ജല’പ്രവർത്തകരായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഡോ. ജോ വർഗീസ്, ഹനീഫ മൂന്നിയൂർ, അൽ അമീൻ എന്നിവരും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യമായ സഹായം നൽകി.
അറുമുഖന്റെയും തങ്കയുടെയും മകനാണ്. രഞ്ജികയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർഥി അനഞ്ജയ് ഏക മകനാണ്. ബൈജുവിന്റെ ജ്യേഷ്ഠൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, അനുജൻ പ്രജീഷ്, ഭാര്യ സഹോദരൻ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷിൽ ജോലി ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.