ജിദ്ദയിൽ ആരംഭിച്ച ‘റഷ്യയും ഇസ്​ലാമിക ലോകവും’ സമ്മേളനത്തിൽ നിന്ന്

ഭീകരതയെ ചെറുക്കാൻ ഒന്നിക്കുക​; സൽമാൻ രാജാവി​െൻറ ആഹ്വാനം, 'റഷ്യയും ഇസ്​ലാമിക ലോകവും' ​സമ്മേളനത്തിന്​ തുടക്കം

ജിദ്ദ: ഭീകരതയെ ചെറുക്കുന്നതിനും സഹവർത്തിത്വത്തിനും ആഗോള ഐക്യദാർഢ്യത്തിന്​ സൗദി അറേബ്യ ആഹ്വാനം ചെയ്യുന്നുവെന്ന്​ സൽമാൻ രാജാവ്. ജിദ്ദയിൽ ആരംഭിച്ച സ്ട്രാറ്റജിക് വിഷൻ ഗ്രൂപ്പി​െൻറ ഇൗ വർഷത്തെ 'റഷ്യയും ഇസ്​ലാമിക ലോകവും' സമ്മേളനത്തിലെ ഉദ്​ഘാടന പ്രസംഗത്തിലാണ്​ സൽമാൻ രാജാവ്​ ഇക്കാര്യം പറഞ്ഞത്​. 'സംവാദവും സഹകരണത്തിനുള്ള സാധ്യതകളും' എന്ന പ്രമേയത്തിൽ നടന്ന യോഗത്തിൽ സൽമാൻ രാജാവി​െൻറ പ്രസംഗം മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലാണ് വായിച്ചത്​.


പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിൽ ഇസ്‌ലാമിക ലോകവും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള തന്ത്രപ്രധാനമായ ഇൗ യോഗത്തിന്​ വളരെ പ്രധാന്യമുണ്ടെന്ന്​ സൽമാൻ രാജാവ്​ പറഞ്ഞു. മതങ്ങളുടെയും നാഗരികതകളുടെയും അനുയായികൾ തമ്മിലുള്ള സംവാദങ്ങൾ ശക്തമാക്കുന്നതിനും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇൗ യോഗം സഹായിക്കും.

സൗദി-റഷ്യൻ ബന്ധം ശക്തവും ചരിത്രപരവുമാണ്​. അതിന്​ 95 വർഷം കവിഞ്ഞു. ഈ ബന്ധങ്ങൾ സമീപകാലത്ത്​ ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല സന്ദർശനങ്ങളിൽ കലാശിച്ചു. നിരവധി സംയുക്ത കരാറുകളിൽ ഒപ്പുവെക്കുന്നതിന് കാരണമായി. സാമ്പത്തിക, സാംസ്കാരിക, പ്രതിരോധ മേഖലകളും ഈ ബന്ധങ്ങളുടെ വികസനത്തിനും ദൃഢീകരണത്തിനും വഴിയൊരുക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തി​െൻറ നിലവാരം ഉയർത്തി. റഷ്യയെ ഇസ്​ലാമിക ലോകവുമായി ബന്ധിപ്പിക്കുന്നത് ശക്തവും ആഴത്തിലുള്ളതുമായ ബന്ധങ്ങളാണ്. 15 വർഷത്തിലേറെയായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷ​െൻറ നിരീക്ഷക അംഗമെന്ന നിലയിൽ ഇത് പ്രകടമാണ്. ഇത് ഓർഗനൈസേഷനുമായുള്ള ഫലപ്രദമായ സഹകരണത്തിന് കാരണമായെന്നും സൽമാൻ രാജാവ്​ പറഞ്ഞു.


ലോകം നേരിടുന്ന സമീപകാല വെല്ലുവിളികൾ നമ്മളെല്ലാം ഒരേ ബോട്ടിലാണെന്ന് കാണിക്കുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ നിന്ന് ഒരു രാജ്യവും പ്രദേശവും ഒറ്റപ്പെടുന്നില്ല. രാഷ്​ട്രീയ സംഘർഷങ്ങൾ, പകർച്ചവ്യാധികളുടെ വ്യാപനം, സാമ്പത്തിക സ്തംഭനാവസ്ഥ, കാലാവസ്ഥാ വ്യതിയാനം എന്നിവക്ക്​ പുറമേ മറ്റ് നിരവധി ആഗോള സംഭവങ്ങൾക്കും ദുരന്തങ്ങൾക്കും ഇത് ബാധകമാണ്. ഈ വീക്ഷണകോണിൽ നിന്ന്​ സംംയുക്ത സഹകരണം വർധിപ്പിക്കാൻ വിഷൻ ഗ്രൂപ്പി​െൻറ രാജ്യങ്ങളോട് രാജ്യം ആഹ്വാനം ചെയ്യുന്നു. മതങ്ങളുടെ അനുയായികൾക്കിടയിൽ സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനും നാഗരികതകളും സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണം വികസിപ്പിക്കുന്നതിനും പരമ്പരാഗതവും ആത്മീയവും കുടുംബപരവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ ഗ്രൂപ്പ് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൽമാൻ രാജാവ്​ പറഞ്ഞു. റിപബ്ലിക് ഓഫ് ടാറ്റർസ്ഥാൻ പ്രസിഡൻറും സ്​ട്രാറ്റജിക്​ വിഷൻ ഗ്രൂപ്പ്​ ചെയർമാനുമായ റുസ്തം മിന്നിഖാനോവും റഷ്യൻ ഫെഡറേഷനിലെയും ഇസ്​ലാമിക രാജ്യങ്ങളിലെയും നിരവധി വിശിഷ്​ട വ്യക്തികളും പണ്ഡിതന്മാരും ചിന്തകരും യോഗത്തിൽ പ​െങ്കടുക്കുന്നുണ്ട്​.

Tags:    
News Summary - Russia-Islamic World Strategic Vision Group meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.