ആർ.എസ്.സി ജിദ്ദ നോർത്ത് സോൺ എ.ഐ ശിൽപശാല സംഘടിപ്പിച്ചു
ജിദ്ദ: സാങ്കേതികവിദ്യയിലൂടെ യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജിദ്ദ നോർത്ത് സോൺ എ.ഐ ശിൽപ്പശാല സംഘടിപ്പിച്ചു. സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ യുവതലമുറയിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി, ആധുനിക കാലഘട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത വിവിധ എ.ഐ ടൂളുകളെക്കുറിച്ചും അവയുടെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ചും ശിൽപ്പശാലയിൽ വിശദമായ പരിശീലനം നൽകി.
വിവിധ സാങ്കേതിക ഉപകരണങ്ങൾ ഏതെല്ലാം മേഖലകളിലാണ് മുന്നിട്ടുനിൽക്കുന്നതെന്നും അവയുടെ സവിശേഷതകൾ എന്തൊക്കെയാണെന്നും പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നും, കൃത്യമായ നിർദ്ദേശങ്ങളും പ്രോംപ്റ്റുകളും നൽകുന്നതിലൂടെ മികച്ച ഔട്ട്പുട്ട് നേടാമെന്നുമുള്ള വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, ഈ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിദഗ്ധർ ഓർമപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്തവരുടെ വിവിധ സംശയങ്ങൾ ദൂരികരിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഐ.ടി വകുപ്പ് പ്രതിനിധി എൻജി. ഫസീൻ അഹമ്മദ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. മറ്റു വിവിധ സെഷനുകൾ ശംഷാദ് പെരിന്തൽമണ്ണ, റഫീഖ് കൂട്ടായി, ജാബിർ നഈമി എന്നിവർ നിയന്ത്രിച്ചു. ചടങ്ങിൽ നൗഫൽ മുസ്ലിയാർ, മൻസൂർ ചുണ്ടംപറ്റ, റഫീഖ് കൂട്ടായി, ഫൈറൂസ് വെള്ളില, സലീം വേങ്ങര, അബൂബക്കർ ഫാളിലി, ശാഫി ബിൻ ശാദുലി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.