റിയാദ് സീസൺ 2025 ന്റ ഭാഗമായി ബൊളിവാർഡ് വേൾഡിലെ 'കൊറിയ' സോണിൽ അരങ്ങേറിയ കലാഇനങ്ങൾ
റിയാദ്: ‘റിയാദ് സീസൺ 2025’ന്റെ ഭാഗമായി സന്ദർശകർക്കായി തുറന്ന പുതിയ ആകർഷണ കേന്ദ്രമാണ് ബൊളിവാർഡ് വേൾഡിലെ കൊറിയ സോൺ. കൊറിയൻ പൈതൃകത്തിന്റെയും സാംസ്കാരിക ചരിത്രത്തിന്റെയും ആഴം പ്രതിഫലിക്കുന്ന അതുല്യമായ ഏഷ്യൻ സാംസ്കാരിക അനുഭവം ഇവിടെ ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സീസണിൽ സാംസ്കാരിക വൈവിധ്യം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ മേഖല അവതരിപ്പിച്ചത്. കൊറിയൻ സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളെക്കുറിച്ച് ഇവിടെ സന്ദർശകർക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.
പരമ്പരാഗത കൊറിയൻ വീടുകളെ അനുസ്മരിപ്പിക്കുന്ന വാസ്തുവിദ്യാ രൂപകൽപന, പ്രാദേശിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന കലാപ്രകടനങ്ങൾ, ഒപ്പം ആധികാരികമായ കൊറിയൻ ഭക്ഷണശാലകളും കരകൗശല ഉൽപ്പന്നങ്ങളും പരമ്പരാഗത ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകളും ഈ സോണിലുണ്ട്.
ബൊളിവാർഡ് വേൾഡിന്റെ പുതിയ പതിപ്പിൽ ആഗോളതലത്തിൽ നിന്നുള്ള 24 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന സോണുകളുണ്ട്. ഇന്തോനേഷ്യ, കുവൈത്ത് തുടങ്ങിയ പുതിയ സോണുകളോടൊപ്പം ദക്ഷിണ കൊറിയയെയും ഉൾപ്പെടുത്തിയത്, സന്ദർശകർക്ക് കൂടുതൽ ആഗോള അനുഭവം നൽകുന്നതിനും, അവിസ്മരണീയമായ വിനോദ അന്തരീക്ഷത്തിൽ സാംസ്കാരികവും അറിവ് പങ്കുവെക്കാനുള്ളതുമായ ഒരു വേദിയായി റിയാദ് സീസണിനെ മാറ്റുന്നതിനും സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.