സൗദിയുടെ 2026ലെ പൊതു ബജറ്റ് സമ്മേളനത്തിൽ ഗതാഗത-ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് അൽജാസിർ സംസാരിക്കുന്നു
റിയാദ്: ചരക്ക് ഗതാഗതം പൂർണമായും റെയിൽവേ വഴിയാക്കിയാൽ 20 ലക്ഷം ട്രക്കുകളെ റോഡുകളിൽനിന്ന് ഒഴിവാക്കാനാകുമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് അൽജാസിർ പറഞ്ഞു.
2026ലെ പൊതു ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഏകദേശം 6,000 കിലോമീറ്റർ ദൈർഘ്യത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു ആധുനിക റെയിൽവേ ശൃംഖല രാജ്യത്തുണ്ട്. ഈ ദൈർഘ്യം ഇരട്ടിയാക്കാനും സേവന നിലവാരം വർധിപ്പിക്കാനുമാണ് ദേശീയ പദ്ധതി ലക്ഷ്യമിടുന്നത്. റെയിൽ വഴിയുള്ള ചരക്ക് ഗതാഗതം ഈ വർഷം ഏകദേശം മൂന്ന് കോടി ടണിലെത്തും. 15 മുതൽ 20 ലക്ഷം വരെ ട്രക്കുകളെ റോഡുകളിൽനിന്ന് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അതുപോലെ ട്രെയിൻ യാത്രക്കാരുടെ എണ്ണം പ്രതിവർഷം ഒരു കോടി കവിഞ്ഞു. 10 പുതിയ ട്രെയിനുകൾക്ക് ഈ വർഷം ഓർഡർ നൽകുമെന്നും മന്ത്രി അറിയിച്ചു.
മക്ക-മദീന ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയിലെ തിരക്ക് വർധിച്ചതിനാൽ അതിവേഗ ട്രെയിനുകൾക്കായുള്ള ആവശ്യകത സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
‘ഡ്രീം ട്രെയിൻ’ പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കും. സൗദി റെയിൽവേ കമ്പനിയുമായി സഹകരിച്ച് ഒരു വിദേശ കമ്പനിയുടെ നിക്ഷേപങ്ങളുള്ള പൊതു-സ്വകാര്യ പങ്കാളിത്തമാണ് ഈ പദ്ധതി. വ്യോമയാന മേഖലയിൽ ദേശീയ വിമാനക്കമ്പനികൾക്കുള്ള വിമാന ഓർഡറുകളുടെ എണ്ണം 500 വിമാനങ്ങൾ കവിഞ്ഞു. 2030 ആകുമ്പോഴേക്കും 250 ലക്ഷ്യസ്ഥാനങ്ങളിൽ എത്തുക എന്നതാണ് ലക്ഷ്യം. കോവിഡിന് മുമ്പ് ഏകദേശം 100 ലക്ഷ്യസ്ഥാനങ്ങളായിരുന്നു. ശേഷം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 172 ആയി വർധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്സ് മേഖല ഗണ്യമായ വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. രാജ്യത്തെ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും സംയോജിത മൊബിലിറ്റിക്കുള്ള ഒരു മാതൃകയായും മാറ്റുന്നതിലേക്കുള്ള സ്ഥിരമായ പുരോഗതി അന്താരാഷ്ട്ര സൂചകങ്ങൾ സ്ഥിരീകരിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിൽ നിന്നുള്ള വൈവിധ്യമാർന്ന നിക്ഷേപങ്ങളെയാണ് ഈ മേഖല പ്രധാനമായും ആശ്രയിക്കുന്നത്. സ്വകാര്യ മേഖല വിവിധ ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിലായി 280 ബില്യൺ റിയാലിലേറെ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തെ ബജറ്റിൽ പൗരന്മാർക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന നിരവധി സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.