ഗൾഫ് മേഖലയിൽ സമാധാനത്തിന് മുൻഗണന; ഇറാനെതിരായ സൈനിക നീക്കത്തിനില്ലെന്ന് ജി.സി.സി

റിയാദ്: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്താനും ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) പ്രതിജ്ഞാബദ്ധമാണെന്ന് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കിയതായി​ അൽ ജസീറ ചാനൽ റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ വർഷങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് ജി.സി.സി രാജ്യങ്ങൾ ഒരിക്കൽ പോലും തിരിച്ചടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെതിരായ ഒരു സൈനിക നീക്കത്തിലും ഗൾഫ് രാജ്യങ്ങൾ പങ്കാളികളാകില്ലെന്ന് സെക്രട്ടറി ജനറൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കായി ജി.സി.സി രാജ്യങ്ങളുടെ മണ്ണോ ആകാശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

മേഖലയിൽ സമാധാനം നിലനിർത്താനുള്ള ആഗ്രഹത്താലാണ് ഇറാനിൽ നിന്നുള്ള പ്രകോപനങ്ങളോട് ജി.സി.സി ഇതുവരെ തിരിച്ചടിക്കാതിരുന്നത്. ഇറാൻ ഇത്തരം ആക്രമണങ്ങളിൽ നിന്ന് പിന്തിരിയുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ സംയമനം പാലിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയ്ക്കാൻ ജി.സി.സി നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണ്.

കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേൽ ഇറാനെതിരെ ആക്രമണം നടത്തിയപ്പോൾ, ജി.സി.സി അടിയന്തര യോഗം ചേർന്ന് ആ നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. യുദ്ധത്തിന് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന ഉറച്ച നിലപാടാണ് അന്നും ഇന്നും ഗൾഫ് രാജ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത്.

Tags:    
News Summary - Peace Comes First in Gulf, Says GCC; No Military Move Against Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.