ശൈബ എണ്ണപ്പാടത്തി​ന് നേരെ ഡ്രോൺ ആക്രമണം: പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഊർജ മന്ത്രാലയം

റിയാദ്: കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിലെ ഒരു സംസ്കരണ ശാലയെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി ഊർജ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ​

ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ വ്യോമപ്രതിരോധ സേന തടഞ്ഞു. ഇതേ തുടർന്ന് തുടർന്ന് എണ്ണപ്പാടത്തിന് പുറത്ത് സംസ്കരണ ശാലയുടെ കോമ്പൗണ്ടിന് വെളിയിൽ നിർത്തിയിട്ടിരുന്ന കരാറുകാരുടെ വാഹനത്തിന് തീപിടിച്ചു. എന്നാൽ ഇത് പ്ലാന്റിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചു. എന്നാൽ ഈ ആക്രമണ ശ്രമത്തിന്റെ ഫലമായി ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികൾ മരണപ്പെടുകയും പാക്കിസ്താൻ, ഇന്ത്യ സ്വദേശികളായ രണ്ട് പ്രവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തതായും ഊർജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉദ്യോഗസ്ഥൻ അഗാതമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

സൗദിയിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നാണ് ശൈബ. എംറ്റി ക്വാർട്ടർ (റുബ്‌ഉൽ ഖാലി) മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഉയർന്ന ഉൽപ്പാദന ശേഷിയും എണ്ണ-വാതക ഉൽപ്പാദനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളും കാരണം സൗദി അരാംകോയുടെ തന്ത്രപ്രധാനമായ ആസ്തികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

Tags:    
News Summary - Drone attack targets Shaybah oil field; operations unaffected: Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.