സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങൾ മേഖലയിലെ വലിയ സംഘർഷത്തിന് കാരണമായി -ഉർദുഗാൻ
റിയാദ്: സഹോദര രാജ്യമായ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങൾ മേഖലയിൽ ‘വലിയ സംഘർഷത്തിന് കാരണമായി’ എന്ന് തുർക്കിയ പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു. റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണം ഉംറ തീർഥാടകരുടെയും മറ്റ് നിരവധി മുസ്ലിംകളുടെയും ജീവൻ അപഹരിക്കുന്നതിന് കാരണമായതായും അദ്ദേഹം പറഞ്ഞു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുർക്കിയ ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കുമുള്ള പിന്തുണ തുർക്കിയ ആവർത്തിച്ചു. സൗദി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ ആവർത്തിച്ചു നടത്തുന്ന ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് തുർക്കിയ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം പരിക്കേറ്റവർക്ക് വേഗത്തിൽ സൗഖ്യം ലഭിക്കട്ടെയെന്നും ആശംസിച്ചു. സിവിൽ ഇൻഫ്രാസ്ട്രക്ചറുകളെയും സാധാരണക്കാരെയും മനപ്പൂർവ്വം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമ തത്ത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നതും സമാധാനം സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമങ്ങളെ ദോഷകരമായി ബാധിക്കുന്നതുമായ ഇത്തരം നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
സൗദിയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കുമുള്ള പിന്തുണ തുർക്കിയ വീണ്ടും ആവർത്തിക്കുകയും ചെയ്തു. അതേ സമയം, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ തുർക്കിയ വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാനുമായി സംഭാഷണം നടത്തി. ഫോൺ സംഭാഷണത്തിൽ മേഖലയിലെ നിലവിലെ സ്ഥിതിഗതികളും വികസനങ്ങളും ചർച്ച ചെയ്തു. സൗദിക്ക് നേരെ ഹൂതി ഭീകര മിലിഷ്യകൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നതിനെ ഇരുപക്ഷവും ശക്തമായി അപലപിച്ചു. നിലവിലെ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും ശ്രമങ്ങളും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ നീക്കങ്ങളും പുതിയ സംഭവവികാസങ്ങളും ഇരു വിദേശകാര്യ മന്ത്രിമാരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.