സൗദിയിലെ മുതിർന്ന പണ്ഡിതസഭ യോഗം ചേർന്നപ്പോൾ 

'ഹൂതികളുടെ ഭീഷണി ഐസിസിനെയും അൽ ഖാഇദയെയും കവച്ചുവെക്കുന്നത്' -മുതിർന്ന പണ്ഡിതസഭ

റിയാദ്: ഹൂതി ഭീകര സംഘടനയുടെ ഭീഷണി ഐസിസ്, അൽ ഖാഇദ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയേക്കാൾ കുറവല്ലെന്നും, മറിച്ച് നാശഷ്ടങ്ങൾ വിതക്കു ന്നതിലും മുസ്‍ലിംകൾക്കെതിരെയുള്ള അതിക്രമങ്ങളിലും അവരെ കവച്ചുവെക്കുന്നതാണെന്നും സൗദിയിലെ മുതിർന്ന പണ്ഡിത സഭ വ്യക്തമാക്കി. സഹോദര രാജ്യമായ യമനിലെ സാധാരണക്കാരുടെയും സിവിലിയൻ സ്ഥാപനങ്ങളുടെയും നേരെ ഹൂതി ഭീകര സംഘടന നടത്തുന്ന ആക്രമണങ്ങളും, അതുണ്ടാക്കിയ സുരക്ഷാ അസ്ഥിരതയും, ഐക്യമില്ലായ്മയും, സമാധാന ജീവിതം നയിക്കുന്നവർക്കും പവിത്രതകൾക്കും എതിരെയുള്ള കയ്യേറ്റങ്ങളും, വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ഈ ഭീകര സംഘം നടത്തിയ ആക്രമശ്രമങ്ങളും എല്ലാ അർത്ഥത്തിലും ഭീകരവാദമാണെന്ന് പണ്ഡിതസഭ ജനറൽ സെ​ക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ പദ്ധതികളെ സമയബന്ധിതമായി തകർത്ത സൗദി വ്യോമ പ്രതിരോധ സേനയുടെയും സായുധ സേനയുടെയും ജാഗ്രതയെ കൗൺസിൽ അഭിനന്ദിച്ചു.

ദൈവത്തിന്റെ പവിത്രതകളെ വെല്ലുവിളിച്ചുകൊണ്ട് ഈ ഭീകരസംഘടന എത്തിച്ചേർന്ന ഭീകരതയുടെ ആഴമാണ് ഇത് വെളിപ്പെടുത്തുന്നത്. വിശുദ്ധ ഹറമിലേക്കും പ്രവാചകന്റെ പള്ളിയിലേക്കും എത്തുന്നവരെ ലക്ഷ്യമിട്ട് അവർ നടത്തിയ നീക്കം പാപങ്ങളും അതിക്രമങ്ങളും കവിഞ്ഞ ഒന്നാണ്. സൗദി വ്യോമ പ്രതിരോധ സേനയുടെ ജാഗ്രതയും സായുധ സേനയുടെ കാര്യക്ഷമത അതിനെയെല്ലാം പരാജയപ്പെടുത്തി. ഈ മിലീഷ്യയുടെ കുറ്റകൃത്യങ്ങൾ പലതരം അതിക്രമങ്ങളെയാണ് ഒരുമിപ്പിച്ചി രിക്കുന്നത്.

ഒന്നാമതായി, പവിത്രമാക്കപ്പെട്ട മനുഷ്യജീവനുകളുടെ വിലക്കുകൾ ലംഘിച്ചു. രണ്ടാമതായി, സ്വത്തുവകകളുടെ പവിത്രത ഹനിച്ചു. മൂന്നാമതായി, സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അന്തരീക്ഷം തകർത്തു. ഒടുവിൽ, ദൈവം ആദരിക്കുകയും ആദരിക്കാൻ കൽപ്പിക്കുകയും ചെയ്ത മുസ്‍ലിംകളുടെ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കാൻ ശ്രമിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ, ഈ ഭീകര സംഘടന നടത്തുന്ന അതിക്രമങ്ങളെ അപലപിക്കാനും തങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാനും എല്ലാ മുസ്‍ലിംകളും ബാധ്യസ്ഥരാണെന്ന് വിശുദ്ധ ഖുർആൻ ഉദ്ധരിച്ച് പണ്ഡിതസഭ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ഭീകര മിലിഷ്യയുടെ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി അപലപിക്കാനും വിശുദ്ധമായ സ്ഥലങ്ങളുടെ സംരക്ഷണത്തിനായി മുസ്ലീം സമൂഹം ഒന്നിച്ച് നിൽക്കണമെന്നും പണ്ഡിതസഭ ആവശ്യപ്പെട്ടു.

Tags:    
News Summary - Houthi Threat Greater Than ISIS and Al-Qaeda: Council of Senior Scholars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.