ജനാധിപത്യത്തിന് ഇപ്പോൾ കാവൽക്കാരുണ്ട്
ജനാധിപത്യവിശ്വാസികൾക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്ന ഒരു വർഷമായാണ് 2026 വിലയിരുത്തപ്പെടുന്നത്. തകർന്നുവീഴുമെന്ന് കരുതിയ ജനാധിപത്യ മൂല്യങ്ങൾ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പതുക്കെ മുന്നേറുന്ന കാഴ്ചയാണ് രാജ്യം നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഭരിക്കുന്ന എൻ.ഡി.എ. സർക്കാർ ഇതിനെ ശക്തമായി എതിർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനെ പ്രതിരോധിക്കാൻ രാജ്യത്തെ യുവജനത മുൻകൂട്ടി തയ്യാറെടുത്തുകഴിഞ്ഞു.
പൗരത്വ ഭേദഗതി നിയമവും (സി.എ.എ), എൻ.ആർ.സിയും കൊണ്ടുമായാണ് കേന്ദ്രസർക്കാർ ആദ്യം ജനാധിപത്യത്തിന്റെ അടിത്തറയിളക്കാൻ ശ്രമിച്ചത്. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ നിരന്തരമായ നിയമപോരാട്ടങ്ങൾ കാരണം അത് ഉദ്ദേശിച്ച രീതിയിൽ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ല.
പിന്നീട് 'വേലിയെച്ചൊല്ലി വിളവ് തിന്നുക' എന്ന നിലയിലുള്ള കുതന്ത്രങ്ങളാണ് കണ്ടത്. ഇതിന്റെ ഭാഗമായി എസ്.ഐ.ആർ. എന്ന ആശയം കൊണ്ടുവന്ന് വോട്ട് വെട്ടിനിരത്തൽ പ്രക്രിയ ആരംഭിച്ചു. ബംഗാൾ തിരഞ്ഞെടുപ്പിലടക്കം ഈ കുതന്ത്രം കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദം ചെലുത്തി നടപ്പാക്കിയെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കോടാനുകോടി വോട്ടുകളാണ് വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായത്. വെട്ടിച്ചുരുക്കപ്പെട്ട കോടിക്കണക്കിന് വോട്ടർമാർ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്നും മറുപടിയില്ല. ആ വോട്ടർമാരെ മാത്രം കണക്കാക്കിയാൽ മറ്റൊരു വലിയ രാജ്യം തന്നെ സൃഷ്ടിക്കാനുള്ള അത്രയും വരുമെന്നതാണ് യാഥാർത്ഥ്യം.
ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയ പ്രതിപക്ഷത്തിന് സമാനമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ‘സി.ജെ.പി.’ എന്ന യുവ സംഘടന പിറവിയെടുക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് അന്നത്തെ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ നിരന്തര സമരങ്ങൾ നയിച്ച് അദ്ദേഹത്തെ രാജിവെപ്പിക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചിരുന്നു. നിലവിൽ പ്രതിപക്ഷമായ ‘ഇന്ത്യാ’ മുന്നണിയോടൊപ്പം ചേർന്ന്, എസ്.ഐ.ആർ. വിഷയം മുൻനിർത്തി രാജ്യത്തെ പ്രധാന നഗരങ്ങളിൽ വീണ്ടും സമരകാഹളങ്ങളുമായി അവർ നിരത്തിലിറങ്ങിയിരിക്കുകയാണ്.
ചീഫ് തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നിലപാടുകൾ കേന്ദ്ര സർക്കാരിന് അനുകൂലമാണെന്നും, കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും ഇരുപക്ഷവും വസ്തുതകൾ നിരത്തി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ ബി.ജെ.പി. കമ്മീഷനെ സംരക്ഷിച്ച് സംസാരിക്കുന്നത് ജനങ്ങളുടെ സംശയം കൂടുതൽ ബലപ്പെടുത്തുന്നതായി മാറി. ഇതോടെ രാജ്യം വീണ്ടുമൊരു ശക്തമായ സമരമുഖത്തേക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഗ്യാനേഷ് കുമാർ അടക്കമുള്ള കുറ്റാരോപിതർ വരും ദിവസങ്ങളിൽ രാജിവെക്കുമെന്നാണ് ജനാധിപത്യ വിശ്വാസികൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.