റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്‌പോർട്ട് സേവനങ്ങൾക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഫീസ് വർധന ഉടനടി പിൻവലിക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിരക്കിനേക്കാൾ പലമടങ്ങ് തുകയാണ് പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി വിദേശത്ത് ഈടാക്കുന്നതെന്നും, ഇത് ഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.
വിദേശനാണ്യം നൽകി ഇന്ത്യൻ സാമ്പത്തിക ഭദ്രതയ്ക്ക് നിർണായക പങ്കുവഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സർക്കാർ കരുണ കാണിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. ദിവസേന നിരവധിയാളുകൾ എത്തുന്ന പ്രശസ്തമായ കോട്ടക്കൽ ആര്യവൈദ്യശാല, കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കൽ ജുമാ മസ്ജിദ് എന്നിവയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി ബസ് സർവീസ് എത്രയും വേഗം ആരംഭിക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ വിശദമായ നിവേദനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് സമർപ്പിക്കാനും തീരുമാനമായി.
കൂടാതെ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി 2026-27 കാമ്പയിൻ വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. ഇതിെൻറ മണ്ഡലം തല കോഓഡിനേറ്റർമാരായി മൊയ്തീൻ കോട്ടക്കൽ, ഫാറൂഖ് പൊന്മള എന്നിവരെ തെരഞ്ഞെടുത്തു.
മലസിൽ നടന്ന യോഗം മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡൻറ് മൊയ്തീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ എടയൂർ, മൊയ്തീൻ കുട്ടി പുവാട്, ഫർഹാൻ കാടാമ്പുഴ, ദിലൈപ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഗഫൂർ കോൽക്കളം സ്വാഗതവും ട്രഷറർ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.