അമീർ ഫൈസൽ ബിൻ ഫർഹാൻ 

എല്ലാ അന്താരാഷ്ട്ര വേദികളിലും ഫലസ്തീൻ വിഷയം സൗദിയുടെ മുൻഗണന -വിദേശകാര്യ മന്ത്രി

ജിദ്ദ: ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വേദികളിലും ഫലസ്തീൻ വിഷയം സൗദിയുടെ മുൻഗണനകളിൽ തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തോടനുബന്ധിച്ച് സൗദി പ്രസ് ഏജൻസിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ ആരംഭിക്കുന്നതും സമഗ്രവും ശാശ്വതവുമായ പ്രാദേശിക സമാധാനത്തിലേക്ക് നയിക്കുന്നതുമായ നീതിയുക്തമായ പരിഹാരം നേടുന്നതിനായി എല്ലാ ശ്രമങ്ങളും നടത്താൻ സൗദി അറേബ്യ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികം ആഘോഷിക്കുമ്പോൾ, സൗദി അറേബ്യ അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കാനും ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും നിരന്തരം ശ്രമിച്ചിട്ടുണ്ടെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ അടിവരയിട്ടു. സൗദി അറേബ്യയുടെ ഈ വർഷത്തെ യു.എൻ പൊതുസഭയിലെ പങ്കാളിത്തം സമാധാനത്തിന്റെയും നീതിയുടെയും സന്ദേശമാണ് നൽകുന്നതെന്നും സൗദിയുടെ സമാധാനത്തിനും സംഭാഷണങ്ങൾക്കും നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സൗദി സ്ഥാപക ഭരണകർത്താവിന്റെ കാലം മുതൽ മാറി വന്ന മുഴുവൻ ഭരണകാലഘട്ടത്തിലൂടെയും അവസാനം ഇപ്പോൾ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഈ വിഷയത്തിലുള്ള പ്രവർത്തനങ്ങൾ ഒരേ ദിശയിലാണ്. എല്ലാ തലങ്ങളിലും സമാധാനത്തിന് അടിത്തറയിടുന്നതിനും സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും സൗദി അറേബ്യ മുൻനിരയിലുണ്ട്'- വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.

Tags:    
News Summary - Palestinian issue is Saudi Arabia's priority in all international forums -Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.