ഒപെക് രാജ്യങ്ങൾ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നു: ആഗോള വിപണിയിൽ എണ്ണവില കുറയാൻ സാധ്യത

റിയാദ്: ആഗോള സാമ്പത്തിക സ്ഥിതിയിലെ പുരോഗതിയും എണ്ണ വിപണിയിലെ നല്ല സാഹചര്യങ്ങളും കണക്കിലെടുത്ത് ഒപെക് രാജ്യങ്ങൾ എണ്ണ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. എട്ട് ഒപെക് അംഗരാജ്യങ്ങൾ നവംബർ മുതൽ പ്രതിദിനം 1,37,000 ബാരൽ എണ്ണയുടെ അധിക ഉത്പാദനം ആരംഭിക്കും. എണ്ണവില കുറയാൻ ഈ തീരുമാനം വഴിതെളിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, കസാഖിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ എട്ട് രാജ്യങ്ങളാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്ന് ഈ സുപ്രധാന തീരുമാനമെടുത്തത്. നേരത്തെ, 2023 ഏപ്രിലിൽ പ്രഖ്യാപിച്ച 1.65 മില്യൺ ബാരലിന്റെ അധിക സ്വമേധയാ ഉള്ള ഉത്പാദന നിയന്ത്രണത്തിൽ നിന്നാണ് ഇപ്പോൾ 1,37,000 ബാരലിന്റെ വർധനവ് വരുത്തുന്നത്.

നവംബർ മാസം മുതൽ പ്രതിദിനം 1,37,000 ബാരൽ എണ്ണയുടെ ഉത്പാദനം വർധിപ്പിക്കും. ആഗോള സാമ്പത്തിക വീക്ഷണത്തിലെ സ്ഥിരതയും എണ്ണ ശേഖരത്തിലെ കുറവ് സൂചിപ്പിക്കുന്ന ആരോഗ്യകരമായ വിപണി സാഹചര്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. 2023 ഏപ്രിലിൽ പ്രഖ്യാപിച്ച 1.65 മില്യൺ ബാരലിന്റെ സ്വമേധയാ ഉള്ള ഉത്പാദന നിയന്ത്രണം വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഭാഗികമായോ പൂർണ്ണമായോ ഘട്ടംഘട്ടമായി പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് ഒപെക് പ്രസ്താവനയിൽ അറിയിച്ചു.

വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിനായി നിലവിലെ 2.2 മില്യൺ ബാരലിന്റെ ഉത്പാദന നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യമെങ്കിൽ നിർത്തിവയ്ക്കാനോ, തിരിച്ചെടുക്കാനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം രാജ്യങ്ങൾ നിലനിർത്തും. 2024 ജനുവരി മുതൽ അധികമായി ഉത്പാദിപ്പിച്ച എണ്ണയുടെ അളവിൽ പൂർണ്ണമായി നഷ്ടപരിഹാരം നൽകാനുള്ള തങ്ങളുടെ ഉദ്ദേശ്യം രാജ്യങ്ങൾ വീണ്ടും ഉറപ്പിച്ചു. വിപണി സാഹചര്യങ്ങൾ, അനുരൂപീകരണ നിലവാരം, നഷ്ടപരിഹാര പദ്ധതികളുടെ നടപ്പാക്കൽ എന്നിവ അവലോകനം ചെയ്യുന്നതിനായി എട്ട് ഒപെക് രാജ്യങ്ങളുടെ അടുത്ത യോഗം 2025 നവംബർ രണ്ടിന് ചേരും. ഈ തീരുമാനം ആഗോള എണ്ണ വിപണിയിൽ കൂടുതൽ സ്ഥിരത കൊണ്ടുവരുമെന്നും, ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭ്യമാകാൻ സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - OPEC countries increase oil production: Oil prices likely to fall in global market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.