ഷാജി വളവിൽ
ജുബൈൽ
തൊട്ടപ്പുറത്തെ വേലിപ്പടർപ്പിൽ നിന്നൊരു
വെറ്റക്കൊടി നാമ്പെത്തിനോക്കുംപോൽ
ഓണമിതാ പടിക്കലെത്തി പ്രിയ
മാവേലിമന്നെൻറ വരവേൽപ്പായി
ചൂടുവാനാരുമില്ലാതെ കൊഴിയുന്ന
പൂവുകൾക്കിനിയൊട്ടുകാലം സുദിനം
പൂക്കള മത്സരം പുതുകോടി മേളം
ഓണത്തിൻ ചിത്രങ്ങൾ നീളെ നീളെ
കായ്കറി വാങ്ങണം വിഭവങ്ങളൊരുങ്ങണം
എന്നാലൊരു സദ്യ വാങ്ങിയാലെന്ത്
വാണിഭമില്ലാതെന്തുണ്ട് ഭൂവിൽ
ഓണത്തിനാ സ്ഥിതി നന്നേ വിചിത്രം
മോദം പകര്‍ന്നും കൊടുംപക കൊണ്ടും
തമ്മിലടിക്കുന്ന പൗരഗണം
ഓണം വന്നാലും ഉണ്ണി പിറന്നാലും
കുപ്പിയിലാണ് തുടക്കമത്രേ
പ്രജ്ഞയും ബോധവും തീറെഴുതി
ലഹരിക്കു കീഴ്പ്പെട്ട് യുവജനത
ഭാവിയെന്തെന്നറിയാതെ കൗമാരം
ധൂമചുരുളുകൾ ശ്വസിച്ചു നശിക്കുന്നു
ഓരോരോ ദിനങ്ങൾ കടന്നുപോകെ
നഷ്ടപ്പെടുത്തുന്നു നമ്മെ പരസ്പരം
നീയെനിക്കാര്, നാം തമ്മിലെന്ത്
വാക്കിൽ നേരില്ല ചിന്തയിൽ ദയയില്ല
ക്ഷേമം തിരക്കാനെത്തുന്ന മാവേലീ
കേരളനാടിെൻറ മാറ്റങ്ങളറിഞ്ഞുവോ
വരുംകൊല്ലം വന്നാൽ പൈതങ്ങൾ പോലും
അറിയാതെ പോകും പാവമീ മന്നനെ
വീട്ടകത്തെ ചെറു കാഴ്ച്ചപ്പെട്ടിയിൽ
പൊന്നോണഘോഷങ്ങൾ സജീവമാകെ
ഓണക്കളികളാൽ മുഖരിതമായൊരാ
വീട്ടുമുറ്റങ്ങൾ വിസ്മൃതിയിലായി
തുമ്പിയില്ല തുമ്പപ്പൂവുമില്ല
പഴമൊഴി പാടും പാണനില്ല
പോയകാലം തിരിച്ചെത്തുകില്ലെന്ന
നേരൊന്നു മാത്രം നീറുന്നു വാഴ്വിൽ
എങ്കിലുമിതോണക്കാലമല്ലേ
മലയാളമണ്ണിെൻറ മുദ്രയല്ലേ
മലയാളമുള്ളിൽ കിനിയുവോളം
മലനാടിനാഘോഷം ഓണം തന്നെ
ക്രമരഹിത സഹനങ്ങളേറിയാലും
കരിമഴയാണഖിലവുമെന്നാകിലും
മലയാളനാടിെൻറ സ്പന്ദനമായ്
തിരുവോണമല്ലാതെ മറ്റൊന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.