സൗദിയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നുകൾ അസീർ മേഖലയിൽനിന്ന് പിടികൂടിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച വൻതോതിലുള്ള ലഹരിമരുന്നുകളും നിരോധിത ഗുളികകളും അതിർത്തി സുരക്ഷാസേന പിടികൂടി. അസീർ, ജിസാൻ പ്രവിശ്യകളിൽ നടത്തിയ ശക്തമായ സുരക്ഷാ പരിശോധനകളിലാണ് എത്യോപ്യൻ പൗരന്മാരായ അഞ്ച് പ്രതികൾ പിടിയിലായത്.
ജിസാൻ പ്രവിശ്യയിലെ അൽ ദയേർ മേഖലയിൽ നടത്തിയ പരിശോധനയിൽ 38,500 മയക്കുമരുന്ന് ഗുളികകളും 1,600 ആംഫെറ്റാമൈൻ ഗുളികകളും 45 കിലോഗ്രാം ഹാഷിഷും ഉൾപ്പെടെയുള്ള ശേഖരം അതിർത്തി രക്ഷാസേന പിടിച്ചെടുക്കുകയും ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് ഇത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൂടാതെ അസീറിലെ അൽ റബൂഅ മേഖലയിൽ നടന്ന പരിശോധനയിൽ 96 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച മറ്റൊരു ഇത്യോപ്യൻ പൗരനെയും സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികളുടെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.
രാജ്യത്തിെൻറയും യുവജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ലഹരികടത്തും കള്ളക്കടത്തും പൂർണമായി തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന കർശനമായ പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് ഈ നടപടി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പരിശോധനകളും അതിർത്തികളിലും പ്രവേശന കവാടങ്ങളിലും കസ്റ്റംസ് നിയന്ത്രണങ്ങളും അതീവ കർശനമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
ലഹരിക്കടത്ത് നടത്തുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതൊരു സംശയാസ്പദമായ പ്രവർത്തനവും ശ്രദ്ധയിൽപെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, ബാക്കി പ്രദേശങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കൂടാതെ അതിർത്തി സുരക്ഷാ വിഭാഗത്തിെൻറ 994 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിെൻറ 995 എന്ന നമ്പറിലും ലഹരികടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. സമൂഹത്തിെൻറ സുരക്ഷ മുൻനിർത്തി രാജ്യത്തിെൻറ ഇറക്കുമതി, കയറ്റുമതി മേഖലകളിലെ കസ്റ്റംസ് പരിശോധനകൾ വരുംദിവസങ്ങളിലും ശക്തമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.