കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡൻറ് ശ്യാംലാലിന് കൈമാറുന്നു
റിയാദ്: ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി, പത്തനംതിട്ട കോന്നി ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെൻററിന് കേളി കലാസാംസ്കാരിക വേദി ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.
കേളിയുടെ 12-ാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളുടെ ഭാഗമായ ഈ പദ്ധതിയിലൂടെ സ്നേഹാലയത്തിലെ അന്തേവാസികൾക്കും വളൻറിയർമാർക്കും ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലി ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് കേളി ഈ സഹായം നൽകാൻ തീരുമാനിച്ചത്.
സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം ശ്യാംലാലിന് കൈമാറി. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയാകമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, ട്രഷറർ കുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും വളൻറിയർമാരും പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിതർ, വയോധികർ എന്നിവർക്ക് ‘ദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 24 മണിക്കൂർ നഴ്സിങ് പരിചരണം, താമസം, ഭക്ഷണം, മരുന്നുകൾ, വേദന സംഹാര ചികിത്സ എന്നിവ ഇവിടെ ലഭ്യമാണ്. കൂടാതെ, വീടുകളിൽ പരിചരണം നൽകുന്ന ഹോം കെയർ സേവനങ്ങളും ആംബുലൻസ് സൗകര്യവും സൗജന്യമായി ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.