യു.എസ് സന്ദർശനത്തിനിടെ പ്രസിഡൻറ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
റിയാദ്: ഇസ്രായേലുമായും ഫലസ്തീനുമായും മുഴുവൻ മേഖലയുമായും സൗദി അറേബ്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള യഥാർഥ പാത സ്ഥാപിക്കുന്നതിന് വ്യക്തമായ ഒരു പദ്ധതി തയാറാക്കുകയാണെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ.
മധ്യപൂർവേഷ്യൻ രാജ്യങ്ങളുമായുള്ള നല്ല ബന്ധം നല്ല കാര്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. അബ്രഹാം കരാറിൽ ചേരാൻ സൗദി ആഗ്രഹിക്കുന്നു. എന്നിരുന്നാലും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള യഥാർഥ പാത ഉറപ്പ് നൽകുന്ന വ്യവസ്ഥയുണ്ടായാൽ മാത്രമേ ഇതിൽ ചേരുകയുള്ളൂ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി വിഷയം ചർച്ച ചെയ്തു. ഈ പാതക്കായി നമുക്ക് തയാറെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. റിയാദിനും വാഷിങ്ടണിനും വലിയ പൊതു അവസരങ്ങളുണ്ടെന്ന് കരുതുന്നു. സൗദി പതിറ്റാണ്ടുകളായി എല്ലാ മേഖലകളിലും അമേരിക്കയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണത്തിനുള്ള ചക്രവാളം വളരെ വലുതാണ്. വാഷിങ്ടണും റിയാദും തമ്മിൽ വലിയ തോതിലുള്ള ജോലികൾ മുന്നിലുണ്ട്. വരും കാലയളവിൽ ഇരു രാജ്യങ്ങൾക്കും വിശാലമായ ബിസിനസ് അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ഉഭയകക്ഷി ബന്ധങ്ങളുടെ നിലവാരം വളരെ പ്രധാനപ്പെട്ട ഒരുഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും കിരീടാവകാശി പറഞ്ഞു.
നേരത്തെ, സൗദി അറേബ്യയെ നാറ്റോ ഇതര ‘പ്രധാന സഖ്യകക്ഷികളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയതായി ട്രംപ് പറഞ്ഞിരുന്നു. സൗദിയെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിലൂടെ നമ്മുടെ സൈനിക സഹകരണം ഉന്നത തലത്തിലായെന്നും ഇത് വളരെ പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.
സൗദി ജനത മികവുറ്റവരാണെന്നും കിരീടാവകാശി സുഹൃത്തും മികച്ച കാഴ്ചപ്പാടുള്ള ആളുമാണെന്നും ട്രംപ് പ്രശംസിച്ചു. സൗദിയുമായുള്ള മഹത്തായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കായി മുന്നോട്ട് പോകും. സൗദിയിലെ ശ്രദ്ധേയമായ വികസനം രാജ്യവുമായുള്ള മെച്ചപ്പെട്ട ഏകോപനത്തിന് വഴിതുറക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഖനനം എന്നീ മേഖലകളിൽ സൗദിയുമായി മികച്ച കരാറുകൾ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു.
ഗസ്സ ഉടമ്പടിയിൽ എത്തിച്ചേരുന്നതിൽ സൗദി കിരീടാവകാശി നൽകിയ പങ്കിന് ട്രംപ് നന്ദി രേഖപ്പെടുത്തി. ഗസ്സ സമാധാന കരാറിൽ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളുടെ ആഴവും ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് സൗദിയെ ‘നാറ്റോ ഇതര പ്രധാന സഖ്യകക്ഷികളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള യു.എസ് പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം.
ഇതോടെ അർജൻറീന, ആസ്‌ട്രേലിയ, ബഹ്‌റൈൻ, ബ്രസീൽ, കൊളംബിയ, ഈജിപ്ത്, ഇസ്രായേൽ, ജപ്പാൻ, ജോർദാൻ, കെനിയ, കുവൈത്ത്, മൊറോക്കോ, ന്യൂസിലാൻഡ്, പാകിസ്താൻ, ഫിലിപ്പീൻസ്, ഖത്തർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ടുണീഷ്യ എന്നീ രാജ്യങ്ങളടങ്ങുന്ന അമേരിക്കൻ സഖ്യകക്ഷികളുടെ പട്ടികയിലെ 20ാമത്തെ രാജ്യമായി സൗദി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.