റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലക്ഷ്യമിട്ടെത്തിയ ഒൻപത് ഡ്രോണുകൾ വെടിവെച്ചു തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. റിയാദ് മേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ നിരീക്ഷിച്ചതായും വക്താവ് വ്യക്തമാക്കി. ഇതിൽ ഒരു മിസൈൽ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. മറ്റ് രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചു.
ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിൽ തന്നെ 62 ഡ്രോണുകൾ തകർത്തതായി തുർക്കി അൽ മാലികി നേരത്തെ അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 548 ഡ്രോണുകളും 36 ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും തകർക്കാൻ വ്യോമസേനക്കും എയർ ഡിഫൻസ് സേനക്കും സാധിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഷൈബ എണ്ണപ്പാടം, ഖർജിലെ അമീർ സുൽത്താൻ എയർബേസ് തുടങ്ങിയ ഊർജ്ജ-പ്രതിരോധ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇറാൻ ആക്രമണങ്ങൾ നടന്നത്. എന്നാൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ മിസൈലുകളും ഡ്രോണുകളും തകർക്കാൻ സൗദി സേനയ്ക്ക് കഴിഞ്ഞു.
ജാഗ്രതാ നിർദ്ദേശം: അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി അൽ ഖർജ് ഗവർണറേറ്റിലെ 'നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ഏർലി വാണിംഗ്' വഴി സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അപകടസാധ്യത മുൻനിർത്തി മുൻപ് നൽകിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് താമസക്കാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.