മക്ക: പുതിയ വർഷാരംഭത്തിൽ കഅ്ബയെ പുതിയ പുടവ അണിയിക്കുന്നതിനായി കിസ്‌വ കൈമാറ്റം നടന്നു. സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ ആണ് കഅ്ബയുടെ സുക്ഷിപ്പുകാരൻ അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിക്ക് പുതിയ കിസ്‌വ കൈമാറിയത്. ഇതിനായുള്ള കൈമാറ്റ രേഖയിൽ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറംകാര്യ ജനറൽ പ്രസിഡൻസി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅയും കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അബ്ദുൽമലിക് ബിൻ ത്വഹ അൽശൈബിയും ഒപ്പുവെച്ചു.
മുഹറം ഒന്നിന് കിസ്‌വ മാറ്റിസ്ഥാപിക്കും. അതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് ഈ കൈമാറ്റ ചടങ്ങ്. കിസ്‌വ നിർമാണത്തിെൻറ ആരംഭം മുതൽ മാറ്റിസ്ഥാപിക്കൽ പൂർത്തീകരിക്കുന്നതുവരെ എല്ലാ ഘട്ടങ്ങളിലുമുള്ള ഭരണകൂടത്തിെൻറ പ്രതിബദ്ധതയും കരുതലും പ്രതിഫലിപ്പിക്കുന്നതാണിത്. കറുത്ത പ്രകൃതിദത്ത പട്ട് ഉപയോഗിച്ചാണ് കഅ്ബയുടെ കിസ്‌വ കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ നിർമിച്ചിരിക്കുന്നത്.
ഇതിന് 14 മീറ്റർ ഉയരവും 12 മീറ്റർ നീളവുമുണ്ട്. അതിെൻറ മുകളിലെ മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറിമീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ഒരു ബെൽറ്റ് ഉണ്ട്. ഇസ്ലാമിക അലങ്കാരങ്ങളിൽ സ്വർണ, വെള്ളി നൂലുകളിൽ ഖുർആൻ വചനങ്ങളാൽ അലങ്കരിച്ച ചതുരാകൃതിയാൽ ചുറ്റപ്പെട്ട 16 കഷ്ണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 200-ഒാളം തൊഴിലാളികൾ 10 മാസമെടുത്താണ് കിസ്‌വ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.