നീറ്റ് പരീക്ഷ ഇന്ന്: സൗദി അറേബ്യയിലും പരീക്ഷാ കേന്ദ്രം

റിയാദ്: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET UG-2026) ഇന്ന് (ഞായറാഴ്​ച) നടക്കും. സൗദി അറേബ്യയിലെ പരീക്ഷാ കേന്ദ്രമായ റിയാദിൽ പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. റൗദയിലെ അൽ ഹസൻ ഇബ്നു അലി സ്ട്രീറ്റിലുള്ള (എക്സിറ്റ് 24) ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ (IISR) ബോയ്സ് സെക്ഷനിലാണ് പരീക്ഷ നടക്കുന്നത്.

സൗദി സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പരീക്ഷാ സമയം. രാവിലെ 8.30 മുതൽ വിദ്യാർത്ഥികളെ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും. രേഖകളുടെ പരിശോധനയും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതിനാൽ 10.30-ന് മുൻപായി എല്ലാ വിദ്യാർത്ഥികളും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. 11-ന്​ ശേഷം എത്തുന്ന വിദ്യാർത്ഥികൾക്ക് യാതൊരു കാരണവശാലും പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യൻ എംബസിയും സ്കൂൾ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാർത്ഥികൾ ഒറിജിനൽ അഡ്മിറ്റ് കാർഡ്, ഹാജർ ഷീറ്റിൽ പതിപ്പിക്കാനുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, അഡ്മിറ്റ് കാർഡി​െൻറ രണ്ടാം പേജിൽ പതിപ്പിക്കേണ്ട പോസ്​റ്റ്​ കാർഡ് സൈസ് ഫോട്ടോ, ഇന്ത്യൻ ഗവൺമെൻറ്​ അംഗീകരിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും കൈവശം വെക്കണം.

മൊബൈൽ ഫോൺ, വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്​റ്റേഷനറി വസ്തുക്കൾ, വാലറ്റ് എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കില്ല. കൂടാതെ, എൻ.ടി.എ നിശ്ചയിച്ചിട്ടുള്ള ലളിതമായ വസ്ത്രധാരണ രീതിയും വിദ്യാർത്ഥികൾ പാലിക്കേണ്ടതുണ്ട്.

നീറ്റ് പരീക്ഷാ കേന്ദ്രമായതിനാൽ റിയാദ് ഇന്ത്യൻ സ്കൂളിലെ ക്ലാസുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് സ്കൂളിന് പൂർണമായും അവധിയായിരിക്കും. നാളെ (തിങ്കളാഴ്ച) ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ നടത്തിപ്പിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.