മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസ് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സന്ദർശിച്ചപ്പോൾ
മദീന: ഇന്ത്യയിൽനിന്ന് കൂടുതൽ തീർഥാടകരെത്തി. 10 വിമാനങ്ങളാണ് തീർഥാടകരുമായി ബുധനാഴ്ച മദീനയിലെത്തിയത്. ഇവിടെയെത്തുന്ന തീർഥാടകരെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് സ്വീകരിക്കുന്നത്. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിൽ താമസകേന്ദ്രങ്ങളിൽ ഹാജിമാരെ എത്തിക്കും. മദീന പ്രവാചക പള്ളിക്കടുത്ത് മർകസിയ ഏരിയയിലാണ് തീർഥാടകർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. നമസ്കാരങ്ങൾക്കും പ്രാർഥനകൾക്കും എളുപ്പത്തിൽ മദീന ഹറമിൽ തീർഥാടകർക്ക് എത്താൻ കഴിയും. ആദ്യദിനമായ ചൊവ്വാഴ്ച എത്തിയ തീർഥാടകരുൾപ്പെടെ ഇന്ത്യയിലെ ഏഴ് എംബാർക്കേഷൻ പോയിന്റുകളിൽനിന്നായി 3,300 ഹാജിമാരാണ് ബുധനാഴ്ച രാത്രി വരെ മദീനയിൽ എത്തിയത്. പ്രവാചക നഗരിയിലെത്തിയ ഹാജിമാർ മസ്ജിദ് നബവിയിൽ അഞ്ചുനേരം നമസ്കാരത്തിൽ പങ്കെടുത്തും പ്രവാചക ഖബർ സന്ദർശനം നടത്തിയും റൗദാ ശരീഫിൽ പ്രാർഥനകളിൽ മുഴുകിയും കഴിഞ്ഞുകൂടുകയാണ്.
എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാവും ഹാജിമാർ മദീനയോട് വിട പറയുക. മികച്ച സൗകര്യങ്ങൾ ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ തീർഥാടകർക്കായി മദീനയിൽ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകരെത്തും. മലയാളി ഹാജിമാർ മെയ് 10 മുതലാണ് ഹജ്ജിനായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.